മക്ക: മക്ക പ്രാർത്ഥനാ മുഖരിതം റമസാനിലെ ഇരുപത്തിയേഴാം രാവിൽ മക്ക മദീന ഹറമിലേക്ക് ഒഴുകിയെത്തിയത് ജനലക്ഷങ്ങൾ. ഹറം മതകാര്യ വകുപ്പ് മേധാവിയും ഹറം ഇമാമും ഖത്തീബുമായ ഷെയ്ഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് വിത്ർ,
തഹജ്ജുദ് നമസ്കാരത്തിലെ പ്രത്യേക പ്രാർഥനക്ക് മക്കയിൽ നേതൃത്വം നൽകി. പാപമോചനം തേടിയുള്ള ഇമാമിന്റെ പ്രാർഥനയിൽ വിശ്വാസികളും അണിചേർന്നു. ഇരുപത്തിയേഴാം രാവിൽ ഇശാ, തറാവീഹ് നമസ്കാരങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്.
ലോകത്തിന്റെ നാനാദിക്കുകളിൽ നിന്നുമെത്തിയ ലക്ഷക്കണക്കിന് ഉംറ തീർഥാടകർക്കു പുറമെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആഭ്യന്തര തീർഥാടകരും ഹറമിൽ ഒഴുകിയെത്തിയിരുന്നു.
ഇരുഹറം കാര്യാലയത്തിന്റെ നേതൃത്വത്തിൽ അതിരാവിലെ മുതൽ തന്നെ ആരാധകരുടെ ഒഴുക്കിനെ ഉൾക്കൊള്ളാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. ഹറം പള്ളിയിലെ പ്രാർഥനായിടങ്ങൾ, പരിസര പ്രദേശങ്ങൾ, ഗേറ്റുകൾ, ഇടനാഴികൾ എല്ലാം സൂക്ഷ്മമായ നിരീക്ഷണങ്ങൾക്കും കുറ്റമറ്റ രീതിയിൽ ഒരുക്കിയിരുന്നു.
പെരുന്നാൾ അവധിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചതോടെ റമസാൻ അവസാന പത്ത് ഹറമിൽ ചെലവഴിക്കാൻ നിരവധി സ്വദേശികൾ കുടുംബസമേതം മക്കയിലെത്തിയിട്ടുണ്ട്. പ്രാർഥനക്കെത്തിയ വിശ്വാസികളുടെ നിര ഹറം മുറ്റങ്ങളും കവിഞ്ഞ് റോഡുകളിലെത്തി.
27ാം രാവിൽ സാധാരണ ഉണ്ടായേക്കാവുന്ന തിരക്ക് മുൻകൂട്ടിക്കണ്ട് വിവിധ സുരക്ഷാ വകുപ്പുകൾ പ്രത്യേക പദ്ധതികൾ നടപ്പാക്കി. ഇരു ഹറം കാര്യാലയം, സിവിൽ ഡിഫൻസ്, ട്രാഫിക് വകുപ്പ്, പൊലീസ് വിഭാഗങ്ങൾ, റെഡ്ക്രസൻറ് വിഭാഗം, ആരോഗ്യം മുനിസിപ്പാലിറ്റി വകുപ്പുകൾ എന്നിവക്ക് കീഴിൽ പതിവിലും കൂടുതൽ ആളുകളെ സേവനത്തിനായി നിയമിതരായിരുന്നു.
റമസാനിലെ ഏറ്റവും സവിശേഷമാക്കപ്പെട്ട രാവാണ് ‘നിർണയത്തിന്റെ രാത്രി’ എന്നർഥം വരുന്ന ലൈലത്തുൽ ഖദ്ർ. ഏതു ദിവസമാണെന്ന് വ്യക്തമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും 21, 23, 25, 27, 29 രാവുകളിൽ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്നവരാണ് ഏറെപ്പേരും. 27ാം രാവിനാണ് കൂടുതൽ സാധ്യതയെന്ന പണ്ഡിതരുടെ നിഗമനം ഉള്ളതിനിലാണ് ആ ദിവസത്തിന് കൂടുതൽ സ്വീകാര്യത കൈവന്നത്.
83 വർഷവും 3 മാസവും പ്രാർഥനകളിൽ ഏർപ്പെട്ടതിൻറെ പുണ്യം ഒറ്റ രാവിലൂടെ നേടാമെന്ന അപൂർവ അവസരമാണ് ലൈലത്തുൽ ഖദ്റിലൂടെ വിശ്വാസികൾക്ക് ലഭിക്കുക. ദൈവ കൽപന അനുസരിച്ച് മാലാഖമാർ ഭൂമിയിലേക്ക് ഇറങ്ങുന്ന ലൈലത്തുൽ ഖദ്ർ രാവിൽ ഉൾപ്പെട്ടവർക്ക് പാപമുക്തിയും സ്വർഗപ്രവേശവും ലഭിക്കുമെന്ന വിശ്വാസം റമസാനിലെ അവസാന പത്തുകളിൽ മസ്ജിദുകളിലെ തിരക്കിനു പ്രേരണയായി.
