പ്രതിയെ അറസ്റ്റുചെയ്യാൻ കൈക്കൂലി വാങ്ങി: എഎസ്‌പിയും എഎസ്ഐയും അറസ്റ്റിൽ

0
907

ബെംഗളൂരു: സൈബർത്തട്ടിപ്പ് കേസിലെ പ്രതിയെ പിടികൂടാൻ പരാതിക്കാരനിൽനിന്ന് രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ എസിപിയെയും എഎസ്‌ഐയെയും ലോകായുക്ത പോലീസ് അറസ്റ്റു ചെയ്തു. നോർത്ത് ഈസ്റ്റ് ഡിവിഷൻ സൈബർ ക്രൈം എസിപി എസ്.ആർ. തൻവീർ, എഎസ്‌ഐ കൃഷ്ണ മൂർത്തി എന്നിവരാണ് അറസ്റ്റിലായത്.

42-കാരനായ സോഫ്റ്റ്‌വേർ എൻജിനീയർ നൽകിയ പരാതിയിലാണ് അറസ്റ്റ്. സൈബർത്തട്ടിപ്പ് കേസിലെ പ്രതിയെ അറസ്റ്റു ചെയ്യാൻ നാലു ലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇതേത്തുടർന്ന് പരാതിക്കാരൻ ലോകായുക്ത പോലീസിനെ വിവരം അറിയിച്ചു.

ഇതനുസരിച്ച് ലോകായുക്ത പോലീസ് കെണിയൊരുക്കുകയായിരുന്നു. കഴിഞ്ഞദിവസം രണ്ടു ലക്ഷം രൂപ പരാതിക്കാരന്റെ കൈയിൽനിന്ന് എഎസ്‌ഐ വാങ്ങുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ വെളിപ്പെടുത്തലിനെത്തുടർന്നാണ് എസിപിയും അറസ്റ്റിലായത്.