ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. ജഡ്ജിയുടെ വസതിക്കു സമീപത്തു നിന്നും കത്തിക്കരിഞ്ഞ അഞ്ഞൂറ് രൂപ നോട്ടുകള്‍ കണ്ടെത്തി. വീടിന്റെ പരിസരം വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളികള്‍ക്കാണ് പണം ലഭിച്ചത്.
കത്തിക്കരിഞ്ഞ പണം കണ്ടെത്തിയതോടെ ശുചീകരണ തൊഴിലാളികള്‍ ചിത്രമെടുത്ത് ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സിലിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയച്ചു കൊടുത്തു. മാര്‍ച്ച് 14 ന് ഹോളി രാത്രിയില്‍ ജസ്റ്റിസ് വര്‍മയുടെ വീട്ടുവളപ്പിലുള്ള ഔട്ട് ഹൗസില്‍ ഉണ്ടായ തീപിടുത്തത്തിലാണ് കറന്‍സി നോട്ടുകള്‍ കത്തിനശിച്ചതെന്ന പൊലീസ് വാദത്തിന് സാധൂകരിക്കുന്നതാണ് ഇപ്പോള്‍ കണ്ടെത്തിയ കത്തിനശിച്ച കറന്‍സി നോട്ടുകള്‍.
തീപിടുത്തത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങളാണ് പണം കണ്ടെത്തിയത്. പണം കണ്ടെത്തിയതില്‍ തനിക്ക് പങ്കില്ലെന്നാണ് ജസ്റ്റിസ് വര്‍മയുടെ വാദം.
