സഊദിയിലെ പെരുന്നാൾ നിസ്ക്കാര സമയം പ്രഖ്യാപിച്ചു

0
3701

ജിദ്ദ: സഊദിയിലെ മുഴുവൻ പ്രവിശ്യകളിലെ ഈദ് ഗാഹുകളിലെയും മസ്‌ജിദുകളിലെയും പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു.
ഇസ്‌ലാമികകാര്യ മന്ത്രി ഷെയ്ഖ് ഡോ. അബ്‌ദുല്ലത്തീഫ് അൽ ഷെയ്ഖ് സർക്കുലർ പുറത്തിറക്കി.

ഉമ്മുൽഖുറാ കലണ്ടർ പ്രകാരം സൂര്യോദയ സമയം പിന്നിട്ട് 15 മിനിറ്റിനു ശേഷമാണ് ഈദുൽ ഫിത്ർ നമസ്കാരം നിർവഹിക്കേണ്ടതെന്ന് സൗദിയിലെ വിവിധ പ്രവിശ്യകളിലെ ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖകൾക്ക് അയച്ച സർക്കുലറിൽ മന്ത്രി നിർദേശിച്ചു.
മഴക്ക് സാധ്യതയുണ്ടെങ്കിൽ തുറസ്സായ ഈദ് ഗാഹുകൾ ഒഴിവാക്കി പകരം ജുമാമസ്ജിദുകളിൽ മാത്രമായി പെരുന്നാൾ നമസ്കാരം പരിമിതപ്പെടുത്തണം. സൗദിയിലെ വിവിധ പ്രവിശ്യകളിലായി 19,887 ജുമാമസ്‌ജിദുകളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരം നടക്കും.

പെരുന്നാൾ നമസ്കാരത്തിനു വേണ്ടി ഈദ് ഗാഹുകൾ നേരത്തെ സജ്ജീകരിക്കാൻ മെയിന്റനൻസ്, ഓപ്പറേഷൻസ് കമ്പനികളെ ചുമതലപ്പെടുത്തണം. തയാറെടുപ്പുകളും സജ്ജീകരണങ്ങളും വിലയിരുത്താൻ പെരുന്നാൾ നമസ്കാരം നടക്കുന്ന ജുമാമസ്‌ജിദുകളിലും ഈദ് ഗാഹുകളിലും മന്ത്രാലയ ഉദ്യോഗസ്ഥർ ഊർജിതമായ ഫീൽഡ് പരിശോധനകൾ നടത്തി സാങ്കേതിക സജ്ജീകരണങ്ങളിലും സേവനങ്ങളിലുമുള്ള പോരായ്മകൾ ഒഴിവാക്കാൻ തൽക്ഷണ റിപ്പോർട്ടുകൾ സമർപ്പിക്കണമെന്നും സർക്കുലർ ആവശ്യപ്പെട്ടു.