മമ്മൂട്ടിയുടെ വീട്ടിൽ താമസിക്കാം; വീട് ആരാധകര്‍ക്കായി തുറന്നുകൊടുക്കാനൊരുങ്ങി താരം

0
2003

കൊച്ചി: പനമ്പിള്ളി നഗര്‍ എന്ന് കേൾക്കുമ്പോൾ തന്നെ മമ്മൂട്ടിയെ ആയിരിക്കും പലര്‍ക്കും ഓര്‍മ വരിക. കാരണം മെഗാതാരം ജീവിതത്തിന്‍റെ നല്ലൊരു പങ്കും ചെലവഴിച്ചത് പനമ്പിള്ളി നഗറിലെ വീട്ടിലായിരുന്നു. മമ്മൂട്ടിയും ദുൽഖറും വര്‍ഷങ്ങളോളം താമസിച്ച ഈ വീട് ആരാധകര്‍ക്കായി തുറന്നുകൊടുക്കുകയാണ്.

പനമ്പിള്ളി നഗര്‍ കെ.സി.ജോസഫ് റോഡിലെ ഈ വീട്ടിൽ നിന്നും കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള പുതിയ വീട്ടിലേക്ക് മമ്മൂട്ടിയും കുടുംബവും താമസം മാറിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ. വൈറ്റില, അമ്പേലിപ്പാടം റോഡിലാണ് പുതിയ വീട്. മമ്മൂട്ടി വീടുമാറിയെങ്കിലും മമ്മൂട്ടിപ്പാലവും മമ്മൂട്ടിയുടെ വീടുമൊക്കെ കാണാനെത്തുന്ന ആരാധകരെത്തുന്നത് പഴയതു പോലെ തന്നെ പനമ്പിള്ളിനഗറിലേക്കാണ്.

ആ വീടാണ് ഇപ്പോള്‍ ലക്ഷ്വറി സ്റ്റേ അനുഭവമാക്കി മാറ്റിയിരിക്കുന്നത്. ബോട്ടിക് വില്ല മോഡലിലാണ് വീട് പണിതിരിക്കുന്നത്. മമ്മൂട്ടിയുടേയും കുടുംബത്തിന്റെയും മേൽനോട്ടത്തിൽ എക്സ്ക്ലൂസീവായി ഡിസൈൻ ചെയ്ത വീടാണ് പനമ്പള്ളി ന​ഗറിലേത്. ഇവിടെ സ്റ്റേക്കേഷനുള്ള ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞതായാണ് വിവരം.

ആരാധകര്‍ക്ക് പുത്തൻ അനുഭവമായിരിക്കും ഈ വീട് സമ്മാനിക്കുന്നത്. ഓരോ മുറിക്കും ഒരായിരം കഥകൾ പറയാനുണ്ടാകും. മമ്മൂട്ടിയും ഭാര്യ സുൽഫത്തും സുറുമിയും ദുൽഖറുമെല്ലാം താമസിച്ച് വീട്…എല്ലാം കൊണ്ടും ആരാധകര്‍ക്ക് ത്രില്ലിങ്ങായ അനുഭവമായിരിക്കും സമ്മാനിക്കുക.

മമ്മൂട്ടി ജനിച്ചതും 12 വയസുവരെ വളർന്നതും വൈക്കം ചെമ്പിലുള്ള വീട്ടിലാണ്. 120 വർഷത്തിലേറെ പഴക്കമുള്ള ഈ വീട് ഇപ്പോഴും പഴമയുടെ സൗന്ദര്യത്തോടെ സംരക്ഷിക്കുന്നുണ്ട്.