ദോഷമകറ്റാൻ പൂജ വേണം,ജോത്സ്യനെ കെണിയില്‍പ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേർ കൂടി പിടിയിൽ

0
931

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ ജോത്സ്യനെ കെണിയില്‍പ്പെടുത്തി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേർ കൂടി പിടിയില്‍. ദോഷമകറ്റാന്‍ പൂജ ചെയ്യാന്‍ എന്ന വ്യാജേന ജോത്സ്യനെ കൊഴിഞ്ഞാമ്പാറ കല്ലാണ്ടിചള്ളയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച സംഘത്തില്‍ ഉള്‍പ്പെട്ടവരെയാണ് പോലീസ് പിടികൂടിയത്.കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്‍ഡ് ചെയ്തു.

സരിത പാലക്കാട്ടെ ഒരു ലോഡ്ജില്‍ നിന്നും സുനില്‍കുമാറിനെ കൊല്ലങ്കോട് നിന്നുമാണ് പിടികൂടിയത്. ഇതോടെ സംഭവത്തില്‍ പിടിയിലാവുന്നവരുടെ എണ്ണം അഞ്ചായി. ഇനിയും നിരവധി പേര്‍ സംഭവത്തില്‍ നേരിട്ടും ഗൂഢാലോചനയിലുമായി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കൊഴിഞ്ഞാമ്പാറ പോലീസ് പറഞ്ഞു.

നല്ലേപ്പിള്ളി തെക്കേദേശം പന്നിപ്പെരുന്തലയില്‍ രഞ്ജിത്ത് (35), മലപ്പുറം, മഞ്ചേരി സ്വദേശിനി ഗൂഡലൂര്‍ താമസിക്കുന്ന മൈമുന (44), കുറ്റിപ്പള്ളം പാറക്കാല്‍ സ്വദേശി എസ്. ശ്രീജേഷ് (24) എന്നിവരാണ് ഇതിന് മുന്‍പ് പിടിയിലായത്. കൊല്ലങ്കോട് സ്വദേശിയായ സുനില്‍കുമാറാണ് ജോത്സ്യനില്‍എത്തിച്ച് നല്‍കിയതെന്നാണ് പോലീസ് പറയുന്നത്.

പൊലീസിനെ കണ്ട് ഭയന്നോടുന്നതിനിടെ കാലിന് പരിക്കേറ്റ ജിതിന്‍, കല്ലാണ്ടിചള്ളയിലെ വീടിന്റെ ഉടമസ്ഥനും സംഭവത്തിലെ മുഖ്യസൂത്രധാരനെന്ന് പൊലീസ് പറയുന്ന പ്രദിഷ് എന്നിവര്‍ പോലീസ് നിരീക്ഷണത്തിലാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പിടിയിലാവുമെന്നും പോലീസ് അറിയിച്ചു.