കാസർഗോഡ് സ്വദേശിയായ പതിനഞ്ചുകാരിയുടെ തിരോധാനവും മരണവും സംബന്ധിച്ച അന്വേഷണത്തിന്‍റെ സ്റ്റേറ്റ്‌മെന്റ് ഫയൽ ചെയ്യാൻ പൊലീസിനോട് നിർദേശിച്ച് ഹൈക്കോടതി. കേസിൽ പൊലീസ് നിഷ്ക്രിയത്വം പുലർത്തിയതായി ആരോപിച്ച് പെൺകുട്ടിയുടെ അമ്മ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എം. ബി. സ്നേഹലതയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് സ്റ്റേറ്റ്‌മെന്റ് ഫയൽ ചെയ്യാൻ പൊലീസിനോട് വാക്കാൽ ആവശ്യപ്പെട്ടത്. കേസ് പരിഗണിക്കുന്നതിനായി മാർച്ച് 18ലേക്ക് മാറ്റി.
കേസ് ഡയറി കുട്ടിയുടെ മാതാപിതാക്കൾക്ക് നൽകാൻ സാധിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങൾ വിശദീകരിക്കുന്ന സ്റ്റേറ്റ്‌മെന്റ് ഹാജരാക്കാൻ പൊലീസിനു നിർദേശം നൽകിയിരിക്കുന്നത്. അതിനുശേഷം മാത്രമേ ഹർജി അവസാനിപ്പിക്കുകയുള്ളുവെന്നും കോടതി സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി കേസ് ഡയറി ഹാജരാക്കാന്‍ നിർദേശം നല്‍കിയിരുന്നു.
പൊലീസ് സമർപ്പിച്ച കേസ് ഡയറിയിൽ നിന്ന് നടപടിയെടുത്തതായാണ് കാണാൻ സാധിക്കുന്നതെന്ന് കോടതി അറിയിച്ചു. അന്വേഷണം ശരിയായല്ല നടന്നതെന്നതിൽ കേസിനുള്ള സാധ്യതയുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ഫോൺ കോൾ വിശദാംശങ്ങൾ പരിശോധിക്കുന്നതിനും പൊലീസ് നായയെക്കൊണ്ട് തെരച്ചിൽ നടത്തുന്നതിനും കാലതാമസമുണ്ടായത് എന്തുകൊണ്ടാണെന്ന് കോടതി പൊലീസിനോട് ചോദിച്ചു. 15 വയസുള്ള പെൺകുട്ടിയെ കാണാതായത് ആദ്യം തന്നെ പോക്സോ കേസായി രജിസ്റ്റർ ചെയ്യാത്തതിലും കോടതി പൊലീസിനെ വിർശിച്ചു.
ഫെബ്രുവരി 11 നാണ് കൗമാരക്കാരിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തത്. അതേ ദിവസം തന്നെയാണ് കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള 42 വയസ്സുള്ള ടാക്സി ഡ്രൈവറായ പ്രദീപിനെയും കാണാതായത്. പ്രദീപ് തന്റെ മകളെ ബലമായി പിടിച്ചുകൊണ്ടുപോയി അനധികൃത കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുകയാണെന്നാണ് അമ്മ ഹർജിയിൽ പറഞ്ഞിരുന്നത്. കുട്ടിയെ കാണാതായതായി ഫെബ്രുവരി 11 ന് തന്നെ അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് ഉടനടി പ്രതികരിച്ചിരുന്നെങ്കിൽ തന്റെ മകൾ മരിക്കില്ലായിരുന്നുവെന്നാണ് പെൺകുട്ടിയുടെ അമ്മയുടെ വാദം.
മാർച്ച് ഒൻപതിനാണ് പെൺകുട്ടിയെയും പ്രദീപിനേയും മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ, കാടുമൂടിയ പറമ്പിലാണ് ഇരുവരെയും മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ജീർണാവസ്ഥയിലായതിനാൽ ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ ശരീരം ശ്രേയയുടെയും പ്രദീപിൻ്റെയുമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കൂ.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ മരണം അത്മഹത്യയാണെന്നാണ് സൂചിപ്പിക്കുന്നത് പറയുന്നത്. പരിയാരം മെഡിക്കൽ കോളേജിൽ പൊലീസ് സർജൻ്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോർട്ടം നടന്നത്. മരണ കാരണവും കാലപ്പഴക്കവും കണ്ടെത്തുന്നതിനായാണ് പോസ്റ്റ്‌മോർട്ടം നടത്തിയത് . മൃതദേഹങ്ങൾക്ക് മൂന്ന് ആഴ്ചയിലേറെ പഴക്കമുണ്ടെന്നാണ് കണ്ടെത്തൽ. കൂടുതൽ പരിശോധനകൾക്കായി ഡിഎൻഎ സിമ്പിളുകളും ശേഖരിച്ചു.