ശബരിമലയിൽ നേരിട്ട് ദർശനം നടത്തുമെന്നും ഫ്ലൈ ഓവർ വഴി നടന്ന് ശ്രീകോവിലിനടുത്ത് എത്തുന്നത് ഒഴിവാക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത്. ഇനി മുതൽ കൊടിമര ചുവട്ടിലൂടെ നടന്ന് നേരിട്ട് ദർശിക്കാൻ സൗകര്യം ഒരുക്കും. ബലിക്കല്ലിന് ഇരുവശവും വഴി ശ്രീകോവിലിന് സമീപത്തേക്ക് എത്താമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു.
“ഫ്ലൈ ഓവർ വഴി നടന്ന് ബാരിക്കേഡുകൾ കടന്നാണ് ഇപ്പോൾ ദർശനം. 4, 5 സെക്കൻ്റുകൾ മാത്രമാണ് ദർശനം നടത്താൻ കഴിയുന്നത്. ഭൂരിഭാഗം പേരും തൃപ്തിയോടെ അല്ല മടങ്ങുന്നത്. പുതിയ രീതി നടപ്പിലാക്കുമ്പോൾ 20 മുതൽ 25 സെക്കൻഡ് വരെ ദർശനം സാധ്യമാകും. പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പാക്കുന്നത്. അടുത്ത മാസപൂജക്ക് ഇങ്ങനെയാകും ദർശനത്തിന് സൗകര്യം ഒരുക്കുക. പരീക്ഷണം വിജയിച്ചാൽ ഈ രീതി തുടരും,” പി.എസ്. പ്രശാന്ത് കൂട്ടിച്ചേർത്തു.