അബുദാബി: ലോകത്ത് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്നത് യുഎഇയിൽ. കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധന് സിങ്ങാണ് പാർലമെന്റിൽ ഇക്കാര്യം അറിയിച്ചത്. 29 ഇന്ത്യക്കാരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യുഎഇയിലെ ജയിലുകളിൽ കഴിയുന്നത്. മന്ത്രി പാർലമെന്റിൽ ഈ റിപ്പോർട്ട് അവതരിപ്പിച്ച ശേഷം മൂന്നു ഇന്ത്യക്കാരുടെ വധശിക്ഷ യുഎഇ ജയിലിൽ നടപ്പാക്കി. ഇതിൽ രണ്ടു പേർ മലയാളികളാണ്. കണ്ണൂർ സ്വദേശികളായ മുഹമ്മദ് റിനാഷും മുരളീധരനും.
യുപിയിലെ ബന്ദ ജില്ലയിൽ നിന്നുള്ള 33 കാരിയായ ഷഹ്‌സാദി ഖാന്റെ വധശിക്ഷ ഫെബ്രുവരി 15 നാണ് അബുദാബിയിൽ നടപ്പിലാക്കിയത്. രണ്ടു മലയാളികളുടെ വധശിക്ഷ കഴിഞ്ഞ ദിവസം നടപ്പാക്കി. ഇനി 26 പേരാണ് ജയിലുകളിൽ കഴിയുന്നത്.
സൗദി അറേബ്യയിൽ 12 ഇന്ത്യക്കാരും കുവൈത്തിൽ മൂന്ന് പേരും ഖത്തറിൽ ഒരാളും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതായി മന്ത്രി പറഞ്ഞു. വിദേശത്താകമാനം 54 പേരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്നത്. മുസ്‌ലിം ലീഗ് എംപി ഹാരിസ് ബീരാന്റെ ചോദ്യത്തിനാണ് മന്ത്രി കീർത്തി വർധൻ സിങ് ഇക്കാര്യം പറഞ്ഞത്. തൃണമൂൽ കോൺഗ്രസ് അംഗം സാകേത് ഗോഖലെയുടെ മറ്റൊരു ചോദ്യത്തിന് മറുപടിയായി വിദേശ ജയിലുകളിൽ നിലവിൽ വിചാരണ തടവുകാർ ഉൾപ്പെടെ ഇന്ത്യൻ തടവുകാരുടെ എണ്ണം 10,152 ആണെന്ന് കീർത്തി വർധൻ സിങ് പറഞ്ഞു. സൗദി (2,633), യുഎഇ (2,518) എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ ഇന്ത്യൻ തടവുകാരുള്ളതെന്ന് മന്ത്രി പറഞ്ഞു.
