ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് യൂണിയൻ ഹൗസ് അൽ മുദൈഫ് മജ് ലിസിൽ ഒരുക്കിയ ഇഫ്ത്താറിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പങ്കെടുത്തു. അദ്ദേഹം ഭരണാധികാരിക്ക് റമസാൻ ആശംസകൾ നേർന്നു.
ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യുഎഇ ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർക്കും യൂസഫലി റമസാൻ ആശംസകൾ നേർന്നു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ അതിഥികളായി റമസാൻ പ്രഭാഷണങ്ങൾക്ക് യുഎഇയിലെത്തിയ പണ്ഡിതനും കേരള മുസ്‌ലിം ജമാ അത്ത് പ്ലാനിങ് സെൽ ചെയർമാനും സുന്നി വിദ്യാഭ്യാസ ബോർഡ് എക്സിക്യൂട്ടീവ് അംഗവുമായ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, വാഗ്മിയും കാരന്തൂർ മർക്കസ് കോളജ് പ്രഫസറുമായ മുഹമ്മദ് അബൂബക്കർ സഖാഫി എന്നിവർ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുമായി കൂടിക്കാഴ്ച നടത്തി. യുഎഇ ഔഖാഫ് പ്രതിനിധി അബ്ദുൽ അസീസ് ഹസനും സംബന്ധിച്ചു.





