തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ ദിവസവേതനം 700 രൂപയാക്കുമെന്ന വാഗ്ദാനം ഇടതു സര്‍ക്കാര്‍ പാലിക്കുമെന്ന് മന്ത്രി വീണാ ജോർജ്. പ്രതിപക്ഷം ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി. നിയമസഭയിൽ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചു. പ്രതിപക്ഷം എന്തിനാണ് എസ്‌യുസിഐയുടെ വക്താക്കളായി സംസാരിക്കുന്നതെന്ന് ചോദിച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. സഭയില്‍ ഇരിക്കുന്ന പാര്‍ട്ടിക്കാര്‍ക്കു മാത്രമേ സമരം ചെയ്യാന്‍ പറ്റുകയുള്ളോ? എല്ലാ സംഘടനകള്‍ക്കും സമരം ചെയ്യാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആശമാരുടെ വേതനം 10,000 രൂപയാക്കി വര്‍ധിപ്പിക്കണമെന്ന് 2014ല്‍ സഭയില്‍ സബ്മിഷന്‍ കൊണ്ടുവന്നത് ഇപ്പോള്‍ അവരെ അധിക്ഷേപിക്കുന്ന എളമരം കരീമാണ്. 2007 മുതല്‍ 2011 വരെ ആശമാര്‍ക്ക് ഇടതു സര്‍ക്കാര്‍ ഒരു രൂപ പോലും ഓണറേറിയം നല്‍കിയിട്ടില്ല. പിന്നീടു വന്ന യുഡിഎഫ് സര്‍ക്കാരാണ് ഓണറേറിയം നല്‍കി തുടങ്ങിയത്. കേന്ദ്ര സര്‍ക്കാര്‍ എന്‍എച്ച്എം ഫണ്ടായാണു പണം നല്‍കുന്നത്. മന്ത്രി ബുദ്ധിപൂര്‍വം 60, 40 ശതമാനം എന്നു പറഞ്ഞത് എന്‍എച്ച്എം ഫണ്ടിനെക്കുറിച്ചാണ്.
കേന്ദ്രം 913 കോടി കൊടുക്കേണ്ടതിന് 815 കോടി ജനുവരി വരെ കൊടുത്തു കഴിഞ്ഞു. ഇനി രണ്ടു മാസത്തില്‍ കിട്ടാനുള്ളത് 97 കോടി മാത്രം. അത് ഇന്‍സന്റീവിനുള്ള തുകയല്ല. കര്‍ണാടകയില്‍ മുഖ്യമന്ത്രി ഇടപെട്ടാണ് ആശമാര്‍ക്ക് ഓണറേറിയം 10000 രൂപയാക്കിയത്. അതാണ് മുഖ്യമന്ത്രി. ഇവിടെ ആശാ വര്‍ക്കര്‍മാരെ അധിക്ഷേപിക്കുകയാണ്. ഇന്നലെ സുരേഷ് ഗോപി അവിടെ പോയി കുട കൊടുത്തു, കൂടെ ഉമ്മ കൊടുത്തോ എന്നാണ് ഒരു നേതാവ് ചോദിച്ചത്. അതിന് ആരോഗ്യമന്ത്രി മറുപടി പറയേണ്ടതല്ലേ. അങ്ങനെ പറഞ്ഞത് തെറ്റാണെന്ന് മന്ത്രി പറയണ്ടേയെന്നും സതീശൻ ചോദിച്ചു.
ഇതിനിടെ സ്പീക്കര്‍ ഇടപെട്ട് പ്രസംഗം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന് സതീശന്‍ മറുപടി നല്‍കി. സമയം കഴിഞ്ഞാല്‍ കട്ട് ചെയ്യുമെന്ന് സ്പീക്കറുടെ വക താക്കീത്. ചെയറിനെ വിരട്ടാന്‍ നോക്കേണ്ടെന്നും സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു. ഇവിടെ പറയാന്‍ സമയമുണ്ട്. ബാക്കി വേണമെങ്കില്‍ പുറത്തു പറയാമെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ഭരണപക്ഷം ബഹളം വയ്ക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് സമരം തുടര്‍ന്നു. കര്‍ണാടക മുഖ്യമന്ത്രി ചെയ്തതു പോലെ കേരളത്തിലും മുഖ്യമന്ത്രി ഇടപെട്ട് ആശമാരുമായി ചര്‍ച്ച നടത്തണമെന്നും സതീശന്‍ പറഞ്ഞു.





