തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി ഉപയോഗവും അക്രമങ്ങളും വ്യാപിക്കുന്ന പശ്ചാത്തലത്തിൽ, രാഷ്ട്രീയവിയോജിപ്പു മറന്ന് ഒന്നിച്ച് പ്രതിരോധം തീർക്കാൻ ഭരണ-പ്രതിപക്ഷ കക്ഷികൾ. നിയമസഭയിൽ മുൻപ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നൽകിയ അടിയന്തരപ്രമേയ നോട്ടീസിൽ ചർച്ചയ്ക്ക് അനുമതി നൽകാമെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു. സാമൂഹികവിപത്തിനെതിരേ ഒന്നിക്കാനുള്ള നിർദേശങ്ങളടങ്ങിയ ചർച്ചയാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിന്റെ നടപടികളിലെ വീഴ്ചയും വിയോജിപ്പും ചർച്ചയിൽ പ്രകടിപ്പിച്ചെങ്കിലും ലഹരിക്കെതിരേ കർമപദ്ധതി തയ്യാറാക്കി സർക്കാരിറങ്ങിയാൽ ഒപ്പംനിൽക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഉറപ്പുനൽകി. കുട്ടികളിലെ കുറ്റകൃത്യങ്ങൾ കൂടുന്നുവെന്ന് മാത്രമല്ല, അതിന്റെ രീതിപോലും മാറിക്കൊണ്ടിരിക്കുകയാണെന്ന ആശങ്ക പ്രതിപക്ഷനേതാവ് പങ്കുവെച്ചു. മുൻപ് ഇതേ വിഷയത്തിൽ ചർച്ച നടത്തിയപ്പോൾ ഞങ്ങൾ പിന്തുണച്ചതാണ്. അതിനാൽ, അങ്ങോട്ടും ഇങ്ങോട്ടും പിന്തുണച്ച് മതിയാക്കിപ്പോകാനുള്ളതല്ല ഈ പ്രശ്നം എന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ ചൂണ്ടിക്കാട്ടൽ
