വാഹനാപകടം: ഇന്ത്യൻ വിദ്യാർഥിനി യുഎസിൽ കോമയിൽ; അടിയന്തര ഇടപെടലിൽ കുടുംബത്തിന് വിസ

0
882

വാഷിങ്ടൻ: അമേരിക്കയിൽ വാഹനാപകടത്തെ തുടർന്ന് കോമയിൽ തുടരുന്ന ഇന്ത്യൻ വിദ്യാർഥിനി നീലം ഷിൻഡെയുടെ കുടുംബത്തിന് വീസ അനുവദിച്ച് യുഎസ്. നീലം ഷിൻഡെയുടെ കുടുംബത്തിന് വീസ നൽകണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അമേരിക്കയോട് അഭ്യർഥിച്ചിരുന്നു. ഇതു പരിഗണിച്ചാണു കുടുംബത്തിന് അടിയന്തരമായി വീസ അനുവദിച്ചിരിക്കുന്നത്. അതേസമയം, വാഹനമോടിച്ചിരുന്ന 58 വയസുകാരൻ ലോറൻസ് ഗാലോയെ സ്കാരമെന്റോ (Sacramento) പൊലീസ് അറസ്റ്റ് ചെയ്തു. 

ഫെബ്രുവരി 14ന് കലിഫോർണിയയിൽ വച്ചാണ് വാഹനമിടിച്ച് നീലം അപകടത്തിൽപ്പെടുന്നത്. ഗുരുതര പരുക്കുകളോടെ യുസി ഡേവിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് അടിയന്തരമായി മസ്തിഷ്ക ശസ്ത്രക്രിയ നടത്തിയിരുന്നു. നെഞ്ചിനും കൈക്കും കാലിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. നെഞ്ചിനേറ്റ പരുക്കാണ് യുവതി കോമയിലാകാൻ കാരണമെന്നാണു വിവരം. 

വീസ അനുവദിച്ചതിൽ കേന്ദ്ര– സംസ്ഥാന സർക്കാരുകളോട് കുടുംബം നന്ദി അറിയിച്ചു. നാളെ യുഎസിലേക്കു പുറപ്പെടുമെന്നു പിതാവ് തനജി ഷിൻഡെ പറഞ്ഞു. അപകടം നടന്ന് 48 മണിക്കൂറിനുള്ളിൽ കുടുംബം വീസ ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും അഭിമുഖത്തിനുള്ള സ്ലോട്ട് 2026ലെ തീയതിയിലേക്കാണ് ലഭിച്ചത്. തുടർന്ന് എൻസിപി എംപി സുപ്രിയ സുലെ വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. അടിയന്തരമായി ഇടപെട്ടതിനാൽ അരമണിക്കൂറിനുള്ളിൽ അഭിമുഖം നടത്തി വീസ അനുവദിച്ചു.  

കലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിയായ നീലം, കഴിഞ്ഞ നാലു വർഷമായി യുഎസിലാണ്. മഹാരാഷ്ട്രയിലെ സത്ര സ്വദേശിയാണ്.