തിരുവനന്തപുരം: വെഞ്ഞാറമൂട് അഞ്ച് പേരെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി അഫാനെ ഉടൻ അറസ്റ്റ് ചെയ്യും. പ്രതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് വിവരം. അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസിലാണ് ആദ്യം അറസ്റ്റ് രേഖപ്പെടുത്തുക. പ്രതിയെ കോടതിയിൽ ഹാജരാക്കും.
അതേസമയം അഫാന്‍റെ മാതാവ് ഷെമിയുടെ മൊഴി ഇന്നെടുക്കും. ഷെമിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് സ്വകാര്യ മെഡിക്കൽ കോളജിലെ ഡോക്ടർമാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. സംസാരിക്കുന്ന കാര്യത്തിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിൽ ഇന്ന് ഉച്ചയോടെ ഷെമിയുടെ മൊഴി രേഖപ്പെടുത്തും. മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ അഭിപ്രായം കൂടി തേടിയതിനുശേഷം ആയിരിക്കും അഫാൻ്റെ മൊഴി രേഖപ്പെടുത്തുക. ഫോണിലെ ശാസ്ത്രീയ പരിശോധന ഫലമടക്കം പൊലീസ് കാത്തിരിക്കുകയാണ്.
കൂട്ടക്കൊലക്ക് പിന്നിൽ സാമ്പത്തിക ബാധ്യത എന്ന നിഗമനത്തിലാണ് അന്വേഷണസംഘം. അഫാന്‍റെ മൊഴി ശരിവക്കുന്നതാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ. അഫാൻ്റെ കുടുംബം കടക്കണിയിലും ആഡംബര ജീവിതം നയിച്ചു എന്നാണ് പൊലീസ് കണ്ടെത്തൽ.
