കല്പറ്റ: യു.കെ.യിലേക്ക് കുടുംബ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് 44 ലക്ഷം തട്ടിയെടുത്ത കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ. പരാതിക്കാരിയായ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയിൽനിന്ന് അക്കൗണ്ട് വഴി പണം സ്വീകരിച്ച കല്പറ്റ ചുഴലി മാമ്പറ്റ പറമ്പിൽ സബീർ (25), കോട്ടത്തറ പുതുശ്ശേരിയിൽ അലക്സ് അഗസ്റ്റിൻ (25) എന്നിവരാണ് അറസ്റ്റിലായത്.
കർണാടക ഹുൻസൂരിൽ ഇഞ്ചിത്തോട്ടത്തിൽ ഒളിവിൽ കഴിയവേയാണ് ഇവർ പിടിയിലായത്. കേസിലെ ഒന്നാം പ്രതിയായ ഇൻസ്റ്റഗ്രാം ഇൻഫ്ലുവെൻസർ അന്ന ഗ്രേസ് ഓസ്റ്റിന്റെ നിർദേശപ്രകാരം പരാതിക്കാരി ഇരുവരുടെയും അക്കൗണ്ടുകളിലേക്ക് ഒൻപതുലക്ഷം രൂപ അയച്ചിരുന്നു.
യു.കെ.യിൽ കെയർ ടേക്കർ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിനിയായ യുവതിയിൽനിന്ന് ബന്ധുക്കളിൽ നിന്നുമായി 44,71,675 ലക്ഷം രൂപ അന്നയും ഭർത്താവ് ജോൺസൺ സേവ്യറും കൂട്ടാളികളും ചേർന്ന് തട്ടിയെടുത്തെന്നാണ് പരാതി. 2023 ഓഗസ്റ്റ് മുതൽ 2024 മേയ് വരെയുള്ള കാലയളവിലാണ് ഇത്രയും തുക കവർന്നത്. ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്, യുട്യൂബ് എന്നിങ്ങനെയുള്ള സോഷ്യൽ മീഡിയ പേജുകൾ വഴിയുള്ള പരസ്യം കണ്ടാണ് ഇവരുമായി യുവതി ബന്ധപ്പെടുന്നത്. ഓട്ടിസം ബാധിച്ച കുട്ടിക്ക് യു.കെ.യിൽ മികച്ച ചികിത്സാസൗകര്യം ഒരുക്കി നൽകുമെന്നും കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.
ഭർത്താവ് റിമാൻഡിൽ
കേസിൽ നേരത്തേ അറസ്റ്റിലായ അന്ന ഗ്രേസ് ഓസ്റ്റിന്റെ ഭർത്താവ് മുട്ടിൽ എടപ്പട്ടി കിഴക്കേപുരക്കൽ ജോൺസൺ സേവ്യറി (51)നെ കോടതി റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച കോഴിക്കോട്ടുനിന്നാണ് ജോൺസൺ സേവ്യറിനെ കല്പറ്റ പോലീസ് അറസ്റ്റു ചെയ്തത്. തുടർന്ന് തിങ്കളാഴ്ച വീണ്ടും ഹാജരാവണമെന്ന വ്യവസ്ഥയോടെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
തിങ്കളാഴ്ച വീണ്ടും കോടതിയിൽ ഹാജരായപ്പോൾ വാദം കേട്ട് കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജോൺസൺ സേവ്യറിനെ വൈത്തിരി സബ് ജയിലിലേക്ക് മാറ്റി. അന്ന ഗ്രേസ് ഓസ്റ്റിൻ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. അന്നയുടെ നിർദേശപ്രകാരം പല അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. ആറ്റിങ്ങൽ സ്വദേശിനിയിൽനിന്ന് മൂന്നേമുക്കാൽ ലക്ഷം രൂപ ഇത്തരത്തിൽ ജോൺസൺ സേവ്യറിന്റെ അക്കൗണ്ടിലേക്ക് വന്നതായും പോലീസ് കണ്ടെത്തി. അന്നയ്ക്കെതിരേ കളമശ്ശേരി, കൂരാച്ചുണ്ട് സ്റ്റേഷനുകളിലും കേസുണ്ട്.
