‘ഞാന്‍ മരിച്ചാല്‍ കാമുകി തനിച്ചാകും’: ഫർസാനയുടെ മുഖമാകെ വികൃതം, തലയിൽ തുരുതുരാ ചുറ്റിക കൊണ്ട് അടിച്ചു

0
2268

തിരുവനന്തപുരം: ഫർസാനയുടെ മരണത്തിൽ വിറങ്ങലിച്ച് വെഞ്ഞാറമൂട് മൂക്കന്നൂരിലെ പ്രദേശവാസികളും ബന്ധുക്കളും. വെഞ്ഞാറമൂട്ടിലെ സ്കൂളിൽ പഠനകാലയളവിൽ തുടങ്ങിയ പ്രണയമാണ് അഫാനും ഫർസാനയും തമ്മിൽ. അഞ്ചലിലെ കോളജിൽ പിജി വിദ്യാർഥിനിയാണ് ഫർസാന. പഠിക്കാൻ മിടുക്കി ആയിരുന്നു. ട്യൂഷനു പോകുന്നുവെന്നാണ് ഫർസാന ഇന്നലെ വീട്ടിൽ പറഞ്ഞത്.

വൈകിട്ട് മൂന്നര വരെ ഫർസാന വീട്ടിൽ ഉണ്ടായിരുന്നു. പിന്നാലെ കാമുകൻ അഫാൻ വീട്ടിലേക്കു കൂട്ടികൊണ്ടുപോകുകയിരുന്നു. വീടിന്റെ മുകളിലത്തെ നിലയിലെ മുറിയിൽ എത്തിച്ചശേഷമാണ് കൊന്നത്. മുനയുള്ള ആയുധം ഉപയോഗിച്ചു തലയിൽ കുത്തിയാണു കൊലപാതകമെന്നാണു പൊലീസ് പറയുന്നത്. മുഖമാകെ വികൃതമാക്കിയ നിലയിലായിരുന്നു. പേരുമലയിലെ കൂട്ടക്കൊലപാതക വിവരം പുറത്തറിഞ്ഞപ്പോഴാണ് ഫർസാനയും ഉൾപ്പെട്ടതായി വ്യക്തമായത്.  

രണ്ടു ദിവസം മുൻപ് പെൺകുട്ടിയുമായി അഫാൻ ബുള്ളറ്റിൽ യാത്രചെയ്യുന്നത് അഫാന്റെ ബന്ധു കണ്ടിരുന്നു. ഫർസാനയുടെ തലയ്ക്കു പ്രതി തുരുതുരാ അടിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഫർസാനയുടെ തലയിലെ മുറിവ് വളരെ ആഴത്തിലുള്ളതാണ്. നെറ്റിയുടെ രണ്ടുവശത്തും നടുക്കും ചുറ്റികകൊണ്ട് ആഴത്തിൽ അടിച്ച പാടുമുണ്ട്.

താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകും എന്ന് കരുതിയാണു ഫര്‍സാനയെ കൊലപ്പെടുത്തിയതെന്നാണ് അഫാന്‍റെ മൊഴി. ഫർസാനയുടെ മരണമറിഞ്ഞു പൊട്ടിക്കരഞ്ഞ പിതാവ് സുനിലിനെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ബുദ്ധിമുട്ടി. മരണപ്പെട്ടതു തന്റെ മകളാകല്ലേ എന്ന പ്രാർഥനയോടെയാണ് സുനിൽ വെഞ്ഞാറമൂട് പൊലീസ്‌ സ്റ്റേഷനിലെത്തിയത്. വെൽഡിങ് ജോലിക്കാരനാണു സുനിൽ.