വിദ്വേഷ പരാമര്‍ശം; പി.സി ജോർജ് ഒളിവിൽ പോയെന്ന് സൂചന

0
1105

കോട്ടയം: ചാനൽ ചർച്ചയിലെ വിദേഷ പരാമർശ കേസിൽ ബിജെപി നേതാവ് പി.സി ജോർജ് ഒളിവിൽ പോയെന്ന് സൂചന. ജോർജിന് നോട്ടീസ് നൽകാൻ പൊലീസ് വീട്ടിലെത്തിയെങ്കിലും നേരിട്ട് നൽകാനായില്ല.

പൊലീസ് രണ്ട് തവണ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയെങ്കിലും ജോര്‍ജിനെ കാണാനായില്ല. ജോർജ് വീട്ടിലില്ലെന്നാണ് കുടുംബത്തിന്‍റെ പ്രതികരണം. അറസ്റ്റ് ഒഴിവാക്കാൻ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്നും വിവരം. അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് എസ്‍ഡിപിഐ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

വിദ്വേഷ പരാമര്‍ശത്തിൽ ഹൈക്കോടതി മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ജോർജിനെ അറസ്റ്റ് ചെയ്യാൻ ഡിജിപി നിര്‍ദേശം നൽകിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു തീരുമാനം.

യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ജോർജിനെതിരെ കേസെടുത്തത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയും ഹൈക്കോടതിയും പിസിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസം ജോര്‍ജിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. കടുത്ത നിരീക്ഷണങ്ങളോടെയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. പ്രഥമ ദൃഷ്ട്യാ മതവിദ്വേഷത്തിനെതിരായ കുറ്റം നിലനിൽക്കും.

പൊതുമധ്യത്തിൽ മാപ്പുപറഞ്ഞ് കുറ്റകൃത്യത്തെ ലഘൂകരിക്കാൻ ആവില്ല. വർഷങ്ങൾ ജനപ്രതിനിധിയായിരുന്ന ഒരാളുടെ പരാമർശങ്ങൾ സമൂഹം കാണുന്നുണ്ട്. പ്രകോപനത്താലാണ് പരാമർശമെങ്കിൽ ജോർജിന് രാഷ്ട്രീയ നേതാവായി തുടരാൻ അർഹതയില്ല. ഭരണഘടനാ ആശയമായ മതേതരത്വത്തെ അപകടത്തിലാക്കുന്നതാണ് പി.സി ജോർജിന്‍റെ പരാമർശമെന്നും കോടതി നിരീക്ഷിച്ചു. കുറ്റക്കാർക്ക് പിഴയടച്ച് രക്ഷപ്പെടാൻ അവസരം ഉണ്ടാകരുത്. ഇത്തരം കുറ്റങ്ങൾക്കുള്ള ശിക്ഷാവിധി ഉയർത്തുന്ന കാര്യം നിയമ കമ്മീഷനും പാർലമെന്‍റും പരിശോധിക്കണമെന്നും ഉത്തരവിൽ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

നേരത്തെ കോട്ടയം ജില്ലാ കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ജോർജ് ഹൈക്കോടതിയെ സമീപിച്ചത്. ജനുവരി 6ന് നടന്ന ജനം ടിവി’യില്‍ നടന്ന ചർച്ചയിലാണ് ബിജെപി നേതാവ് ജോർജ് വിദ്വേഷ പരാമര്‍ശം നടത്തിയത്. ഇന്ത്യയിലെ മുസ്‍ലിംകള്‍ മുഴുവൻ വർഗീയവാദികളാണ്. ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊന്നു. മുസ്‍ലിംകള്‍ പാകിസ്താനിലേക്കു പോകണമെന്നുമാണ് ജോർജ് ചർച്ചയിൽ പറഞ്ഞത്. കുഞ്ഞാലിക്കുട്ടി,കെ.ടി ജലീൽ, എസ്‍ഡിപിഐ ജമാഅത്തെ ഇസ്‍ലാമി എന്നിവരെല്ലാം ചേർന്ന് പാലക്കാട് ബിജെപിയെ തോൽപ്പിക്കാൻ ശ്രമിച്ചു. ഈരാറ്റു പേട്ടയിൽ മുസ്‍ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപിച്ചതെന്നും പിസി ചർച്ചയിൽ ആരോപിച്ചിരുന്നു.