ദുബായ്: ഈന്തപ്പഴത്തിൽ നിന്നുണ്ടാക്കുന്ന മിലാഫ് കോള ജിസിസിയിലെയും ഇന്ത്യയിലെയും ലുലു സ്റ്റോറുകളിൽ ലഭ്യമാകും. യുഎഇ, ഒമാൻ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിലെ സ്റ്റോറുകളിൽ സൗദിയുടെ സ്വന്തം മിലാഫ് കോളയും ഈന്തപ്പഴവും ലഭ്യമാക്കുന്നതിന് ഇരുസ്ഥാപനങ്ങളും ധാരണയിലെത്തി.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി അൽ മദീന ഹെറിറ്റേജ് സിഇഒ ബാന്ദർ അൽ ഖഹ്താനി എന്നിവർ ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. ആദ്യഘട്ടമായി ജിസിസിയിലും തുടർന്ന് ഇന്ത്യയിലെ ലുലു സ്റ്റോറുകളിലും മിലാഫ് കോളയും ഈന്തപ്പഴവും ലഭ്യമാക്കും. ലുലു റീട്ടെയ്ൽ വിതരണ ശൃംഖലയായ അൽ തയെബ് ഡിസ്ട്രിബ്യൂഷൻ വഴിയാണ് മിലാഫ് ജനങ്ങളിലെത്തുക.
ഇന്ത്യയിൽ നിന്നുള്ള കാർഷിക ഉൽപന്നങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും വിപുലമായ വിതരണത്തിന് നാഷനൽ അഗ്രികൾച്ചറൽ കോ ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുമായും (നാഫെഡ്) ലുലു ധാരണയിലെത്തി. ലോകത്തെ വിവിധ ഇടങ്ങളിലുള്ള ലുലു സ്റ്റോറുകളിൽ കൂടുതൽ ഇന്ത്യൻ ഉൽപന്നങ്ങൾ എത്തിക്കുകയുംവിപണി സാധ്യത ഉറപ്പാക്കുകയുമാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.
ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ എം.എ. സലിം, നാഫെഡ് എംഡി ധൈര്യഷിൽ കംസെ എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ഗൾഫൂഡിന്റെ ഭാഗമായി ഇറ്റലിയിലെ പാസ്ത റീഗിയോ, സ്പെയിനിലെ ഫ്രിൻസാ ഗ്രൂപ്പ്, യുഎസിലെ ചീസ് കേക്ക് ഫാക്ടറി അടക്കം ലോകോത്തര കമ്പനികളുമായി 9 കരാറുകളിൽ ലുലു ഒപ്പുവച്ചു. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിതരണവും ലഭ്യതയും ഉറപ്പാക്കാനാണ് കരാർ.
റീട്ടെയ്ൽ രംഗത്തെ മാറ്റങ്ങൾ അടക്കം പ്രതിഫലിക്കുന്നതാണ് ഇത്തവണത്തെ ഗൾഫൂഡ് എന്നും ആരോഗ്യകരമായ ഭക്ഷണശൈലി ഉൾപ്പടെ പ്രതിധ്വനിക്കുന്നതാണ് പ്രദർശനങ്ങളെന്നും യൂസഫലി പറഞ്ഞു. ലുലു ഗ്രൂപ്പ് സിഇഒ സെയ്ഫി രൂപാവാല, സിഒഒ വി.എ. സലീം എന്നിവരും പങ്കെടുത്തു.
