ഉക്രൈൻ യുദ്ധം അവസാനിക്കുമോ?, റിയാദിൽ നടന്ന അമേരിക്ക റഷ്യ ചർച്ച വിജകരം;

0
650

റിയാദ്: ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാനും
അമേരിക്ക, റഷ്യ ബന്ധം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് റിയാദിലെ അൽദിർഇയ കൊട്ടാരത്തിൽ ഇന്ന് നടന്ന അമേരിക്ക, റഷ്യ ചർച്ച വിജകരമെന്ന് യു.എസ്, റഷ്യൻ പ്രതിനിധികൾ. സൗദി അറേബ്യയുടെ കാർമികത്വത്തിലാണ് അമേരിക്കൻ, റഷ്യൻ നേതാക്കൾ റിയാദിൽ ചർച്ച നടത്തിയത്. റിയാദ് ഉച്ചകോടിയെ സുപ്രധാനമായ കാൽവെപ്പ് എന്ന് അമേരിക്കൻ വിദേശ മന്ത്രാലയം വിശേഷിപ്പിച്ചു.

അമേരിക്കയും റഷ്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം വർധിപ്പിക്കാനും ഉക്രൈനിൽ സമാധാനം കൈവരിക്കാനുമുള്ള ചർച്ചകൾക്ക് ഉന്നതതല സംഘം രൂപീകരിക്കാൻ യു.എസ്, റഷ്യൻ ഉദ്യോഗസ്ഥർ സമ്മതിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി പ്രഖ്യാപിച്ചു.

സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന്റെയും സൗദി സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ മുസാഅദ് അൽഈബാൻ്റെയും സാന്നിധ്യത്തിൽ റഷ്യൻ വിദേശ മന്ത്രി സെർജി ലാവ്റോവും അമേരിക്കൻ വിദേശ മന്ത്രി മാർക്കോ റൂബിയോയും ചർച്ചയിൽ പങ്കെടുത്തു. റിയാദ് ചർച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും തമ്മിലുള്ള ഉച്ചകോടിക്ക് വഴിയൊരുക്കിക്കുമെന്നാണ് കരുതുന്നത്.