ചില മനുഷ്യർ ജീവിതത്തിൽ എത്ര അനുഭവങ്ങൾ ഉണ്ടായാലും തങ്ങൾ പഠിക്കില്ല എന്ന് വാശി കാണിക്കും. പക്ഷേ, ഓർക്കുക ജീവിതം എല്ലായ്പ്പോഴും രണ്ടാമതൊരു അവസരം കൂടി തന്നുകൊള്ളണമെന്നില്ല. റാഞ്ചി-പട്‌ന ഹൈവേയിൽ അശ്രദ്ധമായി ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ മൂന്ന് ബൈക്ക് യാത്രികർ അപകടത്തിൽ പെടുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരികയുണ്ടായി.
മറ്റൊരു വണ്ടിയുടെ ഡാഷ്‌ക്യാമിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇത്. ഹെൽമറ്റ് ധരിക്കാതെ മൂന്ന് യുവാക്കളാണ് ഒരു ബൈക്കിൽ ഉണ്ടായിരുന്നത്. അമിത വേഗതയിൽ അശ്രദ്ധമായാണ് ഇവർ വാഹനം ഓടിച്ചിരുന്നത് എന്നും വീഡിയോയിൽ വ്യക്തം.
ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് ആദ്യം ഇടിക്കുന്നത് ഒരു എസ്‍യുവിയിലാണ്. ഇടിയുടെ ആഘാതത്തിൽ ഇവരുടെ ബാലൻസ് തെറ്റുകയും ബൈക്ക് മറിഞ്ഞ് മൂവരും തൊട്ടുസമീപത്തായി ഓടിക്കൊണ്ടിരുന്ന ട്രക്കിന്റെ ടയറിന്റെ ഭാഗത്തേക്ക് തെറിച്ചു വീഴുകയും ചെയ്യുന്നു. ഭാഗ്യവശാൽ ട്രക്ക് ഇവരുടെ തലയിലൂടെ കയറിയിറങ്ങിയില്ല.
‘ജീവിതം എല്ലാവർക്കും രണ്ടാമത് ഒരു അവസരം നൽകുന്നില്ല; ഈ വീഴ്ചയിൽ നിന്നെങ്കിലും ഇവർ ഒരു പാഠം പഠിക്കട്ടെ’ എന്ന കുറിപ്പോടെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. സംഭവിച്ചത് ജീവൻ നഷ്ടപ്പെടും വിധമുള്ള ഭയാനകമായ അപകടമായിരുന്നെങ്കിലും ഭാഗ്യവശാൽ മൂന്നുപേരും പരിക്കുകൾ ഒന്നും കൂടാതെ രക്ഷപ്പെട്ടു. മൂന്ന് പേരും പരസ്പരം എഴുന്നേൽക്കാൻ സഹായിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.
ട്രിപ്പിൾ റൈഡിംഗ്. ഹെൽമെറ്റ് ഇല്ല, ഓവർ സ്പീഡ്. ഈ ഗ്രഹത്തിലെ ഏറ്റവും ഭാഗ്യമുള്ള ആത്മാക്കൾ എന്നാണ് വീഡിയോയ്ക്ക് താഴെ ഒരാൾ കുറിച്ചത്. സമാനമായ രീതിയിൽ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഇവർക്കെതിരെ ഉയരുന്നത്.