‘മാനേജർ മരമണ്ടൻ’; ‘തടഞ്ഞിരുന്നെങ്കിൽ കവർച്ചാ ശ്രമം ഉപേക്ഷിക്കുമായിരുന്നു; റിജോ ആന്റണിയുടെ മൊഴി

0
1311

തൃശൂർ: ചാലക്കുടി ബാങ്ക് കവർച്ച കേസിലെ പ്രതി റിജോ ആന്റണിയുടെ മൊഴിയിലെ വിശദാംശങ്ങൾ പുറത്ത്. ബാങ്കിലുണ്ടായിരുന്ന പണം മുഴുവനായി എടുക്കണമെന്ന് കരുതിയിരുന്നില്ല. ആവശ്യമുണ്ടായിരുന്ന പണം ലഭിച്ചെന്ന് ഉറപ്പായതോടെയാണ് ബാങ്കിൽനിന്ന് പോയതെന്നും പ്രതി റിജോ ആന്റണി മൊഴി നൽകി. ബാങ്ക് മാനേജർ മരമണ്ടനായിരുന്നുവെന്നും കത്തി കാട്ടിയ ഉടൻ മാനേജർ മാറിത്തന്നെന്നും റിജോ പൊലീസിനോട് പറഞ്ഞു. മാനേജർ ഉൾപ്പെടെ രണ്ട് ജീവനക്കാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിൽ കവർച്ചാശ്രമത്തിൽ നിന്നും പിന്മാറുമായിരുന്നെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.

അതേ സമയം, റിജോ ആന്റണിയുടെ വീട്ടിൽ നിന്ന് 12 ലക്ഷം രൂപ ഒളിപ്പിച്ച നിലയില്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 15 ലക്ഷം രൂപയായിരുന്നു റിജോ ബാങ്കില്‍ നിന്നും കവര്‍ന്നത്. കവര്‍ച്ച നടത്തിയ പണത്തില്‍ നിന്നും 2,29,000 രൂപയും പൊലീസിന് ലഭിച്ചിരുന്നു. കടം വീട്ടിയ തുകയാണ് തിരികെ ലഭിച്ചത്. തുക ലഭിച്ചയാളാണ് പൊലീസിനെ പണം തിരിച്ചേല്‍പ്പിച്ചത്. കവര്‍ച്ച പണത്തില്‍ നിന്നും കടം വീട്ടിയതായി പ്രതി പോലീസിന് മൊഴി നല്‍കിയിരുന്നു. അന്നനാട് സ്വദേശിയാണ് പണം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. ടെലിവിഷന്‍ വാര്‍ത്ത കണ്ടാണ് മോഷ്ടാവ് റിജോ ആണെന്ന് ഇയാള്‍ തിരിച്ചറിഞ്ഞത്. 40 ലക്ഷം രൂപ റിജോയ്ക്ക് കടം ഉണ്ടെന്നാണ് വിവരം.