കൊച്ചി: ഫെഡറൽ
ബാങ്കിൽ ജീവനക്കാരെ മുൾമുനയിൽ നിർത്തി മോഷണം നടന്നു മണിക്കൂർ പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. ഇന്നലെ രാത്രി മുഴുവൻ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു അന്വേഷണം പുരോഗമിച്ചത്.
മോഷ്ടാവ് അങ്കമാലിയിലെത്തിയതിന്റെ സിസിടിവി ദൃശ്യം പൊലീസിനു ഇന്നലെ രാത്രി ലഭിച്ചിരുന്നു. ഇതോടെ ഇയാളുടെ യാത്ര കൊച്ചിയിലേക്കെന്നു മനസിലാക്കിയ അന്വേഷണ സംഘം ആലുവ, എറണാകുളം നഗരപരിധിയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അതിൽ കൂടുതൽ ഇപ്പോൾ പറയാനില്ലെന്നും തൃശൂർ റൂറൽ എസ്പി ബി.കൃഷ്ണകുമാർ പറഞ്ഞു.
മോഷ്ടാവ് ഹിന്ദി സംസാരിച്ചതുകൊണ്ട് അയാള്‍ മലയാളി അല്ലാതാകണമെന്നില്ലെന്നും ഏതാണ്ട് 15 ലക്ഷം രൂപയോളമാണ് നഷ്ടപ്പെട്ടതെന്നും മധ്യമേഖല ഡിഐജി ഹരിശങ്കര്‍ പറഞ്ഞു. എടിഎമ്മിൽ നിന്ന് എടുത്തുവച്ച പണമാണ് നഷ്ടമായത്. കൂടുതൽ പണം ഉണ്ടായിട്ടും അത് എടുത്തില്ലെന്നതു പ്രത്യേകതയാണ്. ജീവനക്കാരുടെ സഹായം കിട്ടിയിട്ടുണ്ടോയെന്നു പറയാനാകില്ലെന്നും പ്രാഥമിക ഘട്ടത്തിൽ അത്തരം നിഗമനങ്ങളിലേക്കു പോകേണ്ടതില്ലെന്നും ഡിഐജി പറഞ്ഞു. എല്ലാ സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.





