കാറോടിക്കുന്നതിനിടെ ലാപ്‌ടോപ്പില്‍ ജോലി ചെയ്ത് യുവതി; വര്‍ക്ക് ഫ്രം കാര്‍ വേണ്ടെന്ന് പോലിസ്, പിന്നാലെ പിഴ

0
741

ബംഗളുരു: കാറോടിക്കുന്നതിനിടെ ലാപ്ടോപ്പില്‍ ഓഫിസ് ജോലി ചെയ്ത യുവതിക്കു പിഴയിട്ട് പൊലിസ്. ബെംഗളരു ആര്‍.ടി നഗറിലാണ് തിരക്കേറിയ റോഡിലൂടെ പോകുന്നതിനിടെ ടെക്കിയായ യുവതി ലാപ് ടോപ്പില്‍ ഓഫിസ് ജോലികള്‍ ചെയ്തത്. ദൃശ്യങ്ങള്‍ വൈറലായതോടെ യുവതിയെ കണ്ടെത്തി 1000 രൂപ പിഴയീടാക്കുകയായിരുന്നു.

ലാപ്‌ടോപ്പില്‍ ജോലി ചെയ്തുകൊണ്ട് കാറോടിക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ യാത്രക്കാരിലില്‍ ഒരാളാണ് പകര്‍ത്തിയത്. തുടര്‍ന്ന് ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും കാറിന്റെ നമ്പര്‍ സഹിതം ട്രാഫിക് പൊലിസിനെ പരാതിയായി അറിയിക്കുകയുമായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ വാഹനം തിരിച്ചറിയുകയും യുവതിയെ കണ്ടെത്തുകയും ചെയ്തു. യുവതിയുടെ കാറും പിടിച്ചെടുത്തു.

ജോലി സമ്മര്‍ദ്ദമാണ് തന്നെ കാറിലിരുന്നും ജോലി ചെയ്യുന്നതിലേക്ക് നയിച്ചതെന്ന് ടെക്കി പൊലിസിനോട് പറഞ്ഞു. ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ ഡിസിപി തന്നെയാണ് വിവരം പുറത്തുവിട്ടത്.