കെട്ടിയിട്ടു…സ്വകാര്യഭാഗത്ത് ഡംബല്‍ തൂക്കിയിട്ടു, കോമ്പസ് കൊണ്ട് തുരു തുരെ കുത്തി ആസ്വദിച്ചു; റാഗിങ്ങെന്ന പേരില്‍ കോട്ടയം സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ അരങ്ങേറിയത് കൊടുംക്രൂരത, മനസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് 

0
2520

കോട്ടയം: റാഗിങ്ങെന്ന പേരില്‍ കോട്ടയം സ്‌കൂള്‍ ഓഫ് നഴ്‌സിങ് കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ നടത്തിയത് കൊടുംക്രൂരത. മരവിപ്പിക്കുന്ന ഈ ക്രൂരതയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.

വ്യായാമത്തിന് ഉപയോഗിക്കുന്ന ഭാരമേറിയ ഡംബല്‍ ജനനേന്ദ്രിയത്തില്‍ തൂക്കിയിട്ടും നഗ്‌നരാക്കി കട്ടിലില്‍ കെട്ടിയിട്ട് കോമ്പ്‌സ് കൊണ്ട് ശരീരത്തില്‍ മുറിവുണ്ടാക്കിയും ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ക്രൂരതയുടെ എല്ലാ അതിരുകളും ലംഘിക്കുന്ന പീഡനങ്ങളാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി നടന്നു വന്നത്. മെഡിക്കല്‍ കോളജിനു കീഴിലുള്ള ഗവ. നഴ്‌സിങ് കോളജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കഴിഞ്ഞ 90 ദിവസങ്ങളായി നടന്ന കടുത്ത പീഡന വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

ഭയമായിരുന്നു പുറത്തുപറയാന്‍…സഹികെട്ടപ്പോള്‍ പറഞ്ഞു
റാഗിങ്ങിന്റെ പേരില്‍ നടത്തിയ ക്രൂരപീഡനത്തെപ്പറ്റി പുറത്തറിയിക്കാതിരുന്നത് പ്രതികളുടെ ഭീഷണിയെ തുടര്‍ന്നാണെന്ന് പരാതിക്കാരനായ വിദ്യാര്‍ഥി പറയുന്നു. മര്‍ദനവും ഭീഷണിയും എന്നെങ്കിലും നിര്‍ത്തുമെന്ന് കരുതി. അതുണ്ടാകാതെ വന്നതോടെ സഹികെട്ടാണ് പരാതി നല്‍കാന്‍ തയാറായതെന്നും വിദ്യാര്‍ഥി പറഞ്ഞു. സീനിയേഴ്‌സിലൊരാളുടെ ജന്മദിനം ആഘോഷിച്ച് മുറിയിലേക്ക് അവര്‍ സംഘമായി മദ്യപിച്ചെത്തിയപ്പോള്‍ എഴുന്നേറ്റില്ലെന്ന കാരണത്താല്‍ ക്രൂരമര്‍ദനമായിരുന്നു. തുടര്‍ന്നാണ് പരാതി നല്‍കാന്‍ തയാറായത്. രാത്രികാലങ്ങളിലാണ് അക്രമങ്ങള്‍ അരങ്ങേറിയിരുന്നതെന്നും വിദ്യാര്‍ഥി പറഞ്ഞു.

ആറ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് റാഗിങ്ങിന് വിധേയരായത്. സംഭവത്തില്‍ അഞ്ച് സീനിയര്‍ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. മൂന്നിലവ് വാളകം കീരീപ്ലാക്കല്‍ വീട്ടില്‍ സാമുവേല്‍ (20), വയനാട് പുല്‍പ്പള്ളി ഞാവലത്ത് വീട്ടില്‍ ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി വീട്ടില്‍ റിജില്‍ ജിത്ത് (20) മലപ്പുറം വണ്ടൂര്‍ കരുമാരപ്പറ്റ വീട്ടില്‍ രാഹുല്‍ രാജ് (22), കോരുത്തോട് നെടുങ്ങാട്ട് വീട്ടില്‍ വിവേക് (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബി.എന്‍.എസ്. 118, 308, 350 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

പ്രതികളെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ചൊവ്വാഴ്ചയാണ് പീഡന വിവരം പുറത്തുവന്നത്. ഇടുക്കി സ്വദേശിയായ വിദ്യാര്‍ഥിയുടെ രക്ഷിതാവ് ക്ലാസ് അധ്യാപികയെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോളജ് അധികൃതരുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. ചൊവ്വാഴ്ച വൈകീട്ടോടെ കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് ഇന്നലെ പുലര്‍ച്ചെയോടെ രേഖപ്പെടുത്തി.

കഴിഞ്ഞ നവംബര്‍ നാലിനാണ് ഇവിടെ അധ്യയനം തുടങ്ങിയത്. അന്നുമുതല്‍ ക്രൂരമായ റാഗിങ്ങാണെന്ന് പരാതിയില്‍ പറയുന്നു. പ്രതികളുടെ മുറിയിലേക്ക് ഇരകളെ ബലമായി എത്തിച്ചായിരുന്നു റാഗിങ്. നഗ്‌നരാക്കി കട്ടിലില്‍ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് ശരീരത്തില്‍ മുറിവുകളുണ്ടാക്കി. അതില്‍ കലാമിന്‍ ലോഷന്‍ ഒഴിച്ച് ഇരകള്‍ വേദനകൊണ്ടു പുളയുമ്പോള്‍ വായില്‍ ലോഷനൊഴിച്ചു. ജനനേന്ദ്രിയത്തില്‍ വ്യായാമത്തിന് ഉപയോഗിക്കുന്ന ഭാരമേറിയ ഡംബല്‍ തൂക്കിയിട്ടും കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തിയുമുള്ള അതിക്രൂര പീഡനങ്ങള്‍ക്കാണ് ഇവര്‍ വിധേയരായത്. ശനിയാഴ്ചകളിലാണ് ക്രൂരത കൂടുതലും അരങ്ങേറുന്നത്. ശനിയാഴ്ചകളില്‍ പ്രതികള്‍ക്ക് മദ്യം വാങ്ങാനായി 800 രൂപ വീതം നല്‍കണം. ഇല്ലെങ്കില്‍ പണം ബലമായി പിടിച്ചെടുക്കും. തുടര്‍ന്ന് രാത്രിയോടെ മദ്യപിച്ചെത്തി സംഘം ഹോസ്റ്റലില്‍ അക്രമം അഴിച്ചുവിടും. പീഡനം പുറത്തറിയാതിരിക്കാനും പരാതി നല്‍കാതിരിക്കാനുമായി നിര്‍ബന്ധിച്ച് മദ്യം നല്‍കി നഗ്‌നവിഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തും. വിഡിയോ പുറത്തായാല്‍ പഠനം നിലയ്ക്കുമെന്ന ഭയത്താലാണ് ഇരകള്‍ പരാതി നല്‍കാതിരുന്നത്.

എന്നാല്‍ കഴിഞ്ഞ ദിവസം റാഗിങ്ങിന് വിധേയനായ ഇടുക്കി സ്വദേശിയോട് പ്രതികള്‍ വീണ്ടും പണം ആവശ്യപ്പെട്ടു. ഇതു നല്‍കാന്‍ കഴിയാതെ വന്നതോടെ ക്രൂരമായി മര്‍ദിച്ചു. പരുക്കേറ്റ വിദ്യാര്‍ഥി മാതാപിതാക്കളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. ഗാന്ധിനഗര്‍ എസ്.എച്ച്.ഒ. ടി. ശ്രീജിത്തിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രാഥമിക അന്വേഷണത്തില്‍ത്തന്നെ റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പ്രതികളുടെ ഫോണില്‍ നിന്ന് പൊലിസിന് ലഭിച്ചു. സംഭവത്തില്‍ പഴുതടച്ച അന്വേഷണം നടത്തുമെന്നും കൂടുതല്‍പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ, കോളജിന് വീഴ്ച പറ്റിയോ എന്നതടക്കം പരിശോധിക്കുമെന്നും എസ്.എച്ച്.ഒ പറഞ്ഞു.

അന്വേഷണ കമ്മിഷനെ നിയോഗിച്ചു
ഗവ. നഴ്‌സിങ് കോളജിലെ റാഗിങ് വിഷയത്തില്‍ അന്വേഷണ കമ്മിഷനെ നിയോഗിച്ചതായി പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ.ലിനി ജോസഫ് അറിയിച്ചു. ചൊവ്വാഴ്ച ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുടെ പിതാവ് ക്ലാസ് ടീച്ചറോട് പരാതി പറയുന്നത് വരെ റാഗിങ്ങിനെക്കുറിച്ചോ പീഡനത്തെക്കുറിച്ചോ അറിവുണ്ടായിരുന്നില്ലെന്നും അവര്‍ പ്രതികരിച്ചു. 24 മണിക്കൂറും ഹോസ്റ്റലില്‍ ഹൗസ് കീപ്പറുടെ സേവനമുണ്ട്. ഹൗസ് കീപ്പറുടെ മുറിയോട് ചേര്‍ന്നാണ് റാഗിങ്ങിന് ഇരയായ വിദ്യാര്‍ഥികളും താമസിച്ചിരുന്നതെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പറഞ്ഞു. ഇതു സംബന്ധിച്ച് മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയരക്ടര്‍ക്കും നഴ്‌സസ് കൗണ്‍സിലിനും റിപ്പോര്‍ട്ട് നല്‍കിയെന്നും ഡോ.ലിനി ജോസഫ് പ്രതികരിച്ചു.