18ാം വയസില്‍ വൃഷണാര്‍ബുദം; ശീതീകരിച്ച ബീജത്തില്‍ നിന്ന് 9 വര്‍ഷത്തിന് ശേഷം കുഞ്ഞുപിറന്നു

0
1282

നീണ്ട ഒൻപതു വർഷക്കാലം ആ കുഞ്ഞു ജീവൻ കൊടും തണുപ്പിൽ  സമാധിയിലായിരുന്നു.  അങ്ങനെ കാത്തു കാത്തിരുന്ന് ഒരു ജീവൻറെ ഒരു തുടിപ്പ് രൂപം കൊണ്ടു. 9 വർഷം മുമ്പ്  എടുത്തു സൂക്ഷിച്ച ബീജത്തിൽ നിന്ന് ആൺകുഞ്ഞ് പിറന്ന കഥയാണിത്.  തിരുവനന്തപുരം പാറ്റൂർ സമദ് ആ ശുപത്രിയിലാണ് കുഞ്ഞിൻറെ ജനനം. 

പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ദമ്പതിമാർക്ക് ജനുവരി എട്ടാം തീയതിയാണ് കുഞ്ഞ് പിറന്നത്. 2016ലാണ് കുട്ടിയുടെ പിതാവിന് വൃഷണാര്‍ബുദം സ്ഥിരീകരിക്കുന്നത്. അന്ന് പ്രായം വെറും പതിനെട്ട് വയസ്. രോഗം ബാധിച്ച ഭാഗം നീക്കം ചെയ്യേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ ബീജമെടുത്ത് ശീതീകരിച്ച് സൂക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ദീര്‍ഘകാലത്തെ ചികില്‍സയ്ക്കൊടുവില്‍ യുവാവ് രോഗമുക്തി നേടി. പിന്നീട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു.

വിവാഹത്തിന് ശേഷം ഐവിഎഫ് ചികില്‍സയിലൂടെയാണ് കുഞ്ഞെന്ന സ്വപ്നം ഇവര്‍ സാക്ഷാത്കരിച്ചത്. അര്‍ബുദ ചികില്‍സാരംഗത്തും പുത്തന്‍ പ്രതീക്ഷ നല്‍കുന്നതാണ് കുഞ്ഞിന്‍റെ ജനനം. 10 വര്‍ഷം വരെ ബീജം സൂക്ഷിക്കുന്നതിന് പ്രത്യേക അനുമതികളൊന്നും ആവശ്യമില്ലെന്ന് ചികില്‍സ പൂര്‍ത്തിയാക്കിയ സമദ് ആശുപത്രി അധികൃതര്‍ പറഞ്ഞു. അതേസമയം, പത്ത് വര്‍ഷത്തില്‍ കൂടുതല്‍ ബീജം സൂക്ഷിച്ച് വയ്ക്കണമെങ്കില്‍ പ്രത്യേക അനുമതികള്‍ ആവശ്യമാണ്.