കൊച്ചി: സ്ത്രീകൾക്ക് പകുതിവിലയ്ക്ക് ഇരുചക്രവാഹനം നൽകാമെന്നുപറഞ്ഞ് കോടികൾ തട്ടിയ കേസിൽ മുഖ്യപ്രതി തൊടുപുഴ കുടയത്തൂർ സ്വദേശി അനന്തു കൃഷ്ണന്റെ 21 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് പോലീസ്. ഈ അക്കൗണ്ടുകളിലൂടെ 400 കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായാണ് കണ്ടെത്തൽ.
കസ്റ്റഡിയിലുള്ള അനന്തുവിനെ ഞായറാഴ്ച എറണാകുളം ഹൈക്കോടതി ജങ്ഷനിൽ ഇയാൾ താമസിച്ചിരുന്ന രണ്ട് ഫ്ളാറ്റുകളിലും കടവന്ത്രയിൽ അനന്തുകൃഷ്ണന്റെ ഓഫീസായി പ്രവർത്തിച്ച സോഷ്യൽ ബീ വെഞ്ച്വേഴ്സിലുമെത്തിച്ച് തെളിവെടുക്കും.
അനന്തുവിന്റെ വാട്‌സാപ്പ് ചാറ്റുകളും പോലീസിന് ലഭിച്ചു. രാഷ്ട്രീയ നേതാക്കൾക്കുൾപ്പെടെ പണം നൽകിയെന്ന് അനന്തു മൊഴി നൽകിയിരുന്നു. 2023 അവസാനമാരംഭിച്ച സ്കൂട്ടർവിതരണ പദ്ധതിപ്രകാരം ഇനിയും ആയിരക്കണക്കിനാളുകൾക്ക് സ്കൂട്ടർ ലഭിക്കാനുണ്ടെന്നും വ്യക്തമായി.





