Friday, 14 February - 2025

മുക്കത്ത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; ഹോട്ടല്‍ ഉടമ ദേവദാസന്‍ പിടിയില്‍

പിടിയിലായത് ഹൈക്കോടതിയെ സമീപിക്കാൻ പോകുന്നതിനിടെ

യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നു

കോഴിക്കോട്: മുക്കത്ത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഹോട്ടലുടമ പിടിയില്‍. ഒന്നാം പ്രതി ദേവദാസനെയാണ് മുക്കം പൊലിസ് പിടികൂടിയത്. പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി യുവതിക്ക് പരിക്കേറ്റ സംഭവത്തിലാണ് അറസ്റ്റ്. 

തൃശൂര്‍ കുന്നംകുളത്ത് വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ സ്വന്തം വാഹനം കോഴിക്കോട് ഉപേക്ഷിച്ചതിന് ശേഷമാണ് കൊച്ചിയിലേക്ക് യാത്ര ചെയ്തത്. ഇയാളെ മുക്കത്ത് എത്തിച്ച് പൊലിസ് ചോദ്യം ചെയ്യുകയാണ്. കേസിലെ മറ്റ് രണ്ട് പ്രതികളായ റിയാസ്, സുരേഷ് എന്നിവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലിസ് പറഞ്ഞു. 

അതേസമയം യുവതിയെ ഹോട്ടല്‍ ഉടമയും ജീവനക്കാരും ചേര്‍ന്ന് ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യുവതിയുടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. യുവതി കരഞ്ഞ് ബഹളം വെക്കുന്നതും, പ്രതികള്‍ യുവതിയോട് മിണ്ടാതിരിക്കാന്‍ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. 

ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് യുവതിയുടെ താമസ സ്ഥലത്തേക്ക് ഹോട്ടല്‍ ഉടമ ദേവദാസും ജീവനക്കാരായ റിയാസും സുരേഷും കയറി ചെല്ലുന്നത്. ഈ സമയത്ത് വീഡിയോ ഗെയിമിങ്ങ് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന 
യുവതിയെ വീട്ടില്‍ അതിക്രമിച്ചു കയറിയ മൂവരും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. പ്രതികളില്‍ നിന്ന് കുതറിമാറി പ്രാണ രക്ഷാര്‍ത്ഥം പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു. അതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് കുടുംബം പുറത്തുവിട്ടിരിക്കുന്നത്.

പയ്യന്നൂര്‍ സ്വദേശിയാ യുവതി മൂന്ന് മാസമായി മുക്കത്തെ ഹോട്ടലില്‍ ജോലി ചെയ്ത് വരികയായിരുന്നു.  പെണ്‍കുട്ടിയുടെ വിശ്വാസ്യത നേടിയ ശേഷം ഹോട്ടല്‍ ഉടമ പ്രലോഭനത്തിന് ശ്രമം നടത്തിയിരുന്നുവെന്ന് കുടുബം പറഞ്ഞു. ഇത് സംബന്ധിച്ച ഡിജിറ്റല്‍ തെളിവുകള്‍ കൈവശമുണ്ടന്നും കുടുംബം പറഞ്ഞു. വനിതാ സഹപ്രവര്‍ത്തകര്‍ അവധിയില്‍ പോയ സമയം നോക്കിയാണ് പ്രതികള്‍ യുവതിയെ താമസ സ്ഥലത്തെത്തിയത്. നട്ടെല്ലിനും ഇടുപ്പിനും പരിക്കേറ്റ യുവതി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. 

Most Popular

error: