നിയമസഭാ തെരഞ്ഞെടുപ്പ്: ഡൽഹി വിധിയെഴുതുന്നു

0
516

ഏറെ നാൾ നീണ്ടു നിന്ന പ്രചാരണ യുദ്ധങ്ങൾക്കും രാഷ്ട്രീയ വാക്പോരുകൾക്കും വാഗ്ദാനങ്ങൾക്കുമൊടുവിൽ ഡൽഹി ഇന്ന് പോളിങ് ബൂത്തിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചു. നിലവിലെ കണക്കനുസരിച്ച് ഡല്‍ഹിയില്‍ 1.56 കോടി വോട്ടര്‍മാരാണുള്ളത്.

ഇതില്‍ 83.76 ലക്ഷം പുരുഷന്മാരും 72.36 ലക്ഷം സ്ത്രീകളും ഉള്‍പ്പെടുന്നു. ഇതിന് പുറമെ 1267 ട്രാന്‍സ്‌ജെന്‍ഡര്‍മാരും വോട്ട് രേഖപ്പെടുത്താന്‍ യോഗ്യത നേടിയിട്ടുണ്ട്. 13,766 പോളിങ് സ്‌റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി എട്ടിന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

ബിജെപിയും ആം ആദ്മിയും പരസ്പരം കൊമ്പുകോർക്കുന്ന പ്രചാരണയുദ്ധത്തിനാണ് ഇത്തവണ ഡൽഹി സാക്ഷ്യം വഹിച്ചത്. എഎപി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതിരെയുള്ള അഴിമതി ആരോപണമാണ് ബിജെപിയുടെ പ്രധാന ആയുധം. എന്നാൽ വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ തങ്ങളുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് എഎപി പ്രചാരണം നടത്തിയത്. ശക്തമായ വെല്ലുവിളി ഉയർത്തി കോൺഗ്രസും ഇത്തവണ മത്സര രംഗത്തുണ്ട്.

അരവിന്ദ് കെജ്‌രിവാള്‍ ഇത്തവണയും ന്യൂഡല്‍ഹിയിലെ സീറ്റില്‍ നിന്ന് മത്സരിക്കും. ബിജെപിയുടെ പര്‍വേഷ് വര്‍മയും കോണ്‍ഗ്രസിന്റെ സന്ദീപ് ദീക്ഷിതുമാണ് അദ്ദേഹത്തിൻ്റെ എതിര്‍ സ്ഥാനാര്‍ഥികള്‍. അതിഷി കല്‍കാജി മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. കോണ്‍ഗ്രസ് നേതാവ് അല്‍കാ ലാംബയും ബിജെപിയുടെ രമേഷ് ബിന്ധൂരിയുമാണ് എതിര്‍ സ്ഥാനാര്‍ഥികള്‍. എഎപിയുടെ മനീഷ് സിസോദിയ, ബിജെപിയുടെ താര്‍വിന്ദര്‍ സിംഗ് മര്‍വ, കോണ്‍ഗ്രസിൻ്റെ ഫര്‍ഹാദ് സുരി, സത്യേന്ദര്‍ ജെയിന്‍, കര്‍ണെയില്‍ സിങ് എന്നിവരും മത്സരിക്കുന്നു.

ഒരു മാസക്കാലം നീണ്ടു നിന്ന പ്രചാരണങ്ങൾക്കൊടുവിൽ ഡൽഹി പോളിംഗ് ബൂത്തിൽ. 70 നിയമസഭാ മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കനുസരിച്ച് 1.55 കോടി വോട്ടർമാരാണ് ഡൽഹിയിലുള്ളത്. ഒറ്റഘട്ടമായി നടക്കുന്ന വോട്ടെടുപ്പിനായി 13,000ത്തിലധികം പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ശനിയാഴ്ചയാണ് ഡെൽഹിയിലെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും