ഡൽഹി മുഖ്യമന്ത്രി അതിഷി മർലേനയ്‌ക്കെതിരെ കേസ് എടുത്ത് പൊലീസ്. തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് ഗോവിന്ദ്പുരി പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 333 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ 24 മണിക്കൂർ ശേഷിക്കെയാണ് ആം ആദ്മി നേതാവിനെതിരെയുള്ള ഈ നടപടി.
ഡൽഹി പൊലീസിന്റെ എക്സ് പോസ്റ്റ് പ്രകാരം, ഇന്നലെ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയുടെ ഭാഗമായി ആം ആദ്മിയുടെ കൽകാജി മണ്ഡലത്തിലെ സ്ഥാനാർഥിയായ അതിഷിയും 50-70 പ്രവർത്തകരും ചേർന്ന് ഫതേ സിങ് മാർഗിൽ നിയമവിരുദ്ധമായി കൂട്ടംചേർന്നു. തെരഞ്ഞെടുപ്പ് മാർഗരേഖ പ്രകാരം ഇവരോട് ഒഴിഞ്ഞുപൊകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അത് അവർ നിരസിച്ചുവെന്നാണ് പൊലീസിന്റെ വാദം. മുഖ്യമന്ത്രി യാത്രാതടസം സൃഷ്ടിക്കുന്നത് വീഡിയോയിൽ പകർത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥനെ അതിഷിയുടെ അനുയായികളിൽ ഒരാൾ കൈയ്യേറ്റം ചെയ്തുവെന്നും പരാതിയുണ്ട്.
കൽകാജിയിലെ ബിജെപി സ്ഥാനാർഥി രമേശ് ബിധുരി പരസ്യമായി തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്നായിരുന്നു പൊലീസ് നീക്കത്തോടുള്ള അതിഷിയുടെ പ്രതികരണം. “തെരഞ്ഞെടുപ്പ് കമ്മീഷൻ അവിശ്വസനീയമായി തീർന്നിരിക്കുന്നു. രമേശ് ബിധുരിയുടെ കുടുംബാംഗങ്ങൾ മാതൃകാ പെരുമാറ്റച്ചട്ടം പരസ്യമായി ലംഘിക്കുകയാണ്. പക്ഷേ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഞാൻ പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതിപ്പെട്ടു. അപ്പോൾ അവർ എനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു,” അതിഷി എക്‌സിൽ കുറിച്ചു.