Friday, 14 February - 2025

‘സംഘടിത സകാത്ത് ഇസ്‌ലാമികമല്ല’; ജമാഅത്തെ ഇസ്ലാമിയുടെ ബൈത്തു സകാത്തിനെതിരെ കാന്തപുരം

കോഴിക്കോട്: സംഘടിത സകാത്ത് ഇസ്‌ലാമികല്ലെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ജമാഅത്തെ ഇസ്‌ലാമിയുടെ ബൈത്തു സകാത്ത് പദ്ധതിയെ കുറിച്ച് ചര്‍ച്ച നടക്കുന്നതിനിടെയാണ് കാന്തപുരത്തിന്റെ ഈ വാക്കുകള്‍. പന്തീരങ്കാവില്‍ ശൈഖ് അബൂബക്കര്‍ ടവര്‍ സമര്‍പ്പണ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിശുദ്ധ ഇസ്‌ലാമിനെ നല്ല കുപ്പിയിലിട്ട് മായം ചേര്‍ത്തി കുടിപ്പിക്കുന്ന രീതിയാണിത്. സകാത്ത് എങ്ങനെ കൊടുക്കണമെന്ന് പൂര്‍വികരായ ഇസ്‌ലാമിക കര്‍മ ശാസ്ത്ര പണ്ഡിതര്‍ പഠിപ്പിച്ചു തന്നിട്ടുണ്ട്. ഇതിനെയല്ലാം ആക്ഷേപിക്കുകയും സംഘടിത സകാത്ത് അംഗീകരിക്കാനാകില്ലെന്ന് പറയുന്ന സുന്നികള്‍ക്കെതിരെ തെറ്റിദ്ധാരണ പരത്തുകയുമാണ് ചിലരെന്നും കാന്തപുരം പറഞ്ഞു. നേരത്തെ ഇ കെ വിഭാഗം ഇ കെ സമസ്ത മുഖപത്രത്തിലും ബൈത്തു സകാത്തിനെതിരെ ലേഖനം വന്നിരുന്നു. പി എ സ്വാദിഖ് ഫൈസി താനൂരാണ് ഈ ലേഖനം എഴുതിയത്.

കേവലമൊരു ചാരിറ്റി പ്രവര്‍ത്തനമാണ് സകാത്തെന്ന് തെറ്റിദ്ധരിപ്പിക്കുന്നതാണ് ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള പലരുടേയും ബൈത്തുല്‍ സകാത്തുകളും സകാത്ത് കമ്മിറ്റികളും. എട്ട് വിഭാഗം ആളുകളാണ് സകാത്ത് വാങ്ങാന്‍ അര്‍ഹര്‍. എന്നാല്‍ ഖുര്‍ആനിന്റെ കല്‍പ്പനകള്‍ക്ക് വിരുദ്ധമായി വിശ്വാസികളുടെ സകാത്ത് വകമാറ്റി ചെലവഴിക്കാനാണ് മതത്തിനകത്തെ പുത്തന്‍ പ്രസ്ഥാനക്കാര്‍ ശ്രമിക്കുന്നത്.

സകാത്ത് കേവലമൊരു ചാരിറ്റി പ്രവര്‍ത്തനമാണെന്ന് തെറ്റിദ്ധരിച്ച ജമാ അത്ത് കേന്ദ്രങ്ങള്‍ ബൈത്തുല്‍ സകാത്ത്, ബൈത്തുല്‍ മാല്‍, സകാത്ത് കമ്മിറ്റി എന്നിവ സ്ഥാപിച്ച് ‘ശാസ്ത്രീയ വിതരണം’ എന്ന ഓമനപ്പേരിട്ട് ആരാധനയെ കളങ്കപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

വിശ്വാസികളുടെ സകാത്ത് സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണമെന്ന് സ്വന്തം ഭരണഘടനയില്‍ എഴുതിവെച്ചവരാണ് ജമാഅത്തുകാര്‍. പട്ടിണിപ്പാവങ്ങളുടെ കഞ്ഞിക്കലത്തില്‍ കൈയിട്ടുവാരാനുള്ള ആസൂത്രിത ശ്രമങ്ങളാണ് ജമാഅത്തെ ഇസ്ലാമി ഇവിടെ പയറ്റുന്നതെന്നും ലേഖനത്തിലുണ്ട്.’

Most Popular

error: