ദുബായ്: ചോദ്യം ചെയ്യലിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതിന്റെ വിഡിയോ പകർത്തിയതിന് യുവതിയെയും കൂട്ടുകാരിയെയും ദുബായ് കോടതി ശിക്ഷിച്ചു. സ്വകാര്യതാ നിയമങ്ങൾ ലംഘിച്ചതിനും നിയമ നിർവഹണം തടസ്സപ്പെടുത്തിയതിനും പൊലീസിനെ ആക്രമിച്ചതിനുമാണ് ശിക്ഷ.
കഴിഞ്ഞ വർഷം ജനുവരി 18നാണ് കേസിനാസ്പദമായ സംഭവം. ഗ്ലോബൽ വില്ലേജിന് പുറത്ത് ടാക്സി ഡ്രൈവറുമായി വഴക്കിട്ട രണ്ട് കസഖിസ്ഥാൻ സ്വദേശികളായ സ്ത്രീകളെ അൽ ബർഷ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനുള്ളിൽ പ്രതികളിലൊരാൾ വനിതാ പൊലീസുകാരെ അവരുടെ സമ്മതമില്ലാതെ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. ഉപകരണം കൈമാറാൻ നിയമപാലകർ യുവതിയോട് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർ ഫോൺ പിടിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ രണ്ടാം പ്രതി എതിർക്കുകയും ഉദ്യോഗസ്ഥരെ ചവിട്ടുകയും അടിക്കുകയും ചെയ്തു.
തുടർന്ന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് ചതവുകളും പോറലുകളും ഉൾപ്പെടെ പരുക്കേറ്റു. ഗ്ലോബൽ വില്ലേജിലെ പാർക്കിങ് ഏരിയയിൽ രണ്ട് സ്ത്രീകൾ ടാക്സി ഡ്രൈവറെ ഉപദ്രവിക്കുന്നതായി തങ്ങൾക്ക് റിപോർട്ട് ലഭിച്ചതിനെ തുടർന്നാണ് അവരെ അൽ ബർഷ പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുവന്നതെന്ന് കേസിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥ മൊഴി നൽകി.
സ്റ്റേഷനിൽ ആയിരിക്കുമ്പോൾ അവരിൽ ഒരാൾ തങ്ങളെ മൊബൈൽ ഫോൺ ക്യാമറയിൽ ചിത്രീകരിക്കുന്നത് കണ്ടു. തുടർന്ന് ഡ്യൂട്ടി ഓഫിസറെ അറിയിക്കുകയും അവർ യുവതിയുടെ ഫോൺ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഫോൺ കൈമാറാൻ യുവതി വിസമ്മതിച്ചു. റിസപ്ഷൻ ഏരിയയിൽ ആയിരുന്നതിനാൽ യുവതികളെ സ്വകാര്യ ഓഫിസിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ ഒരാൾ ചെറുത്തുനിൽക്കുകയും ബലപ്രയോഗം നടത്തുകയുമായിരുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥരെ എതിർത്തതിനും ആക്രമിച്ചതിനും ഒന്നാം പ്രതിക്കെതിരെയും സർക്കാർ ഉദ്യോഗസ്ഥരെ നിയമവിരുദ്ധമായി വിഡിയോയിൽ പകർത്തിയതിന് രണ്ടാമത്തെ പ്രതിക്കെതിരെയും കേസെടുത്തു.
കോടതി വിചാരണക്കിടെ ഒന്നാം പ്രതി കുറ്റം നിഷേധിച്ചു. എന്നാൽ രണ്ടാമത്തെ പ്രതി ഉദ്യോഗസ്ഥരെ ചിത്രീകരിച്ചതായി സമ്മതിച്ചു. ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്താനാണ് അങ്ങനെ ചെയ്തതെന്നാണ് അവർ അവകാശപ്പെട്ടത്. എന്നാൽ ഇരുവർക്കും ശിക്ഷ ലഭിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ ചെറുക്കുകയും ആക്രമിക്കുകയും ചെയ്തതിന് ഒന്നാം പ്രതിക്ക് മൂന്ന് മാസം തടവും തുടർന്ന് നാടുകടത്തലുമാണ് ശിക്ഷ. രണ്ടാം പ്രതിക്ക് 2000 ദിർഹം പിഴ ചുമത്തുകയും റെക്കോർഡിങ്ങിന് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടുകെട്ടുകയും ചെയ്തു.