കൊച്ചി: തൃപ്പൂണിത്തുറയിൽ പതിനഞ്ചുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയതിന് പിന്നിൽ റാഗിങ്ങെന്ന് ആരോപണം. കുട്ടി സ്കൂളിൽ ക്രൂരമായ പീഡനത്തിന് ഇരയായെന്ന ആരോപണവുമായി അമ്മയാണ് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കുട്ടി പഠിച്ചിരുന്ന ഗ്ലോബൽ പബ്ലിക് സ്കൂളിനെതിരെ അമ്മ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.
കുട്ടി സ്കൂൾ ബസിൽവെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പരാതിയിൽ പറയുന്നു. നിറത്തിൻ്റെ പേരിൽ പരിഹാസം നേരിട്ടിരുന്നു. വാഷ് റൂമിൽ കൊണ്ടുപോയി ഉപദ്രവിച്ചു. ക്ലോസെറ്റിൽ മുഖം പൂഴ്ത്തിക്കുകയും, ടോയ്‌ലറ്റില്‍ നക്കിക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സ്കൂളിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ അവർക്ക് സൽപ്പേര് പോകുമോ എന്ന ഭയമായിരുന്നുവെന്നും അമ്മ പരാതിയിൽ ചൂണ്ടിക്കാട്ടി.
ഈ മാസം പതിനഞ്ചിനായിരുന്നു ഒൻപതാം ക്ലാസുകാരനായ ഇരുമ്പനം സ്വദേശി മിഹിർ അഹമ്മദ് ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയത്. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം നടന്നത്. മിഹിറിന്റെ മരണത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
അതേസമയം, മിഹിറിന്റെ മരണത്തിലെ പൊലീസ് അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്ന് ഗ്ലോബല്‍ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. കൃത്യമായ തെളിവുകള്‍ ഇല്ലാതെ ആരോപണ വിധേയരായ കുട്ടികള്‍ക്കെതിരെ നടപടിയെടുക്കാനാകില്ല. മിഹിര്‍ റാഗിങിനിരയായെന്ന പരാതി കുടുംബം മുന്‍പ് ഉന്നയിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥി സന്തോഷവാനായിട്ടാണ് സ്‌കൂളില്‍ നിന്നും പോയതെന്നും പ്രിന്‍സിപ്പല്‍ ഹില്‍ പാലസ് പൊലീസ് സ്റ്റേഷന് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കി.





