യുവതിയെ കൊന്ന കേസിൽ ജയിലിൽ കഴിയവേ ജാമ്യത്തിൽ ഇറങ്ങി, പിന്നാലെ ഭർത്താവിനെയും അമ്മയെയും കൊന്ന് ചെന്താമര ഓടിക്കയറിയത് നെല്ലിയാമ്പതി മലനിരയിലേക്ക്; 20 പൊലീസ് സംഘങ്ങള്‍ തിരയുന്നു

0
1458

പാലക്കാട്: നെന്മാറയില്‍ അമ്മയെയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ചെന്താമരയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. 20 സംഘമായിട്ടാണ് പൊലീസ് തിരച്ചില്‍ നടത്തുന്നത്. പ്രതി നെല്ലിയാമ്പതി മലനിരയിലേക്ക് കയറിയതായി നെന്മാറ എംഎല്‍എ കെ ബാബു അറിയിച്ചു.

നെന്മാറ പോത്തുണ്ടി ബോയന്‍ കോളനിയിലെ അമ്മ മീനാക്ഷിയെയും മകന്‍ സുധാകരനെയുമാണ് ചെന്താമര വെട്ടിക്കൊന്നത്. ഇന്ന് രാവിലെ 10 മണിക്കായിരുന്നു സംഭവം. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പറയപ്പെടുന്നു. മരിച്ച സുധാകരന്റെ ഭാര്യ സജിതയെ, പ്രതിയായ ചെന്താമര നേരത്തെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

2019ല്‍ നടന്ന ഈ കേസില്‍ ചെന്താമര ജയിലിലായിരുന്നു. കുറച്ച് കാലമായി ജാമ്യത്തിലിറങ്ങിയ ചെന്താമര ഇന്ന് ഇവരുടെ വീട്ടില്‍ കയറി ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അമ്മയെയും മകനെയും കൊന്ന് ചെന്താമര ഓടിക്കയറിയത് നെല്ലിയാമ്പതി മലനിരയിലേക്ക്; 20 പൊലീസ് സംഘങ്ങള്‍ തിരയുന്നുണ്ട്.

രണ്ടു മാസം മുമ്പാണ് പ്രതിയായ ചെന്താമര ജാമ്യത്തിലിറങ്ങിയത്. ചെന്താമര മുമ്പ് പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായി കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ പറയുന്നു. ചെന്താമരയെ പേടിച്ച് വീട്ടിലേക്ക് വരാറില്ലെന്നും മാറിത്താമസിക്കുകയായിരുന്നു എന്നും അഖില പറയുന്നു. സുധാകരൻ തമിഴ്നാട്ടിൽ ഡ്രൈവറാണ്. ക്ഷേമനിധി പെൻഷനുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് വീട്ടിലെത്തിയത്. ചെന്താമര ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ കഴിഞ്ഞ ഡിസംബർ 29-ന് സുരക്ഷയാവശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് പരാതി കാര്യമാക്കിയില്ല എന്നാണ് അഖിലയുടെ ആരോപണം.