വിദേശ വിനിമയ വ്യവസ്ഥകൾ ലംഘിച്ചു: ദുബൈയിലെ ഇന്ത്യന്‍ കുടുംബങ്ങള്‍ക്കെതിരെ അന്വേഷണം

0
995

വിദേശ വിനിമയ വ്യവസ്ഥകൾ ലംഘിച്ച് ദുബൈയിൽ വസ്‌തു വാങ്ങിയവരെ പിടികൂടാൻ എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുകൾ നടത്തിയിട്ടുണ്ടെയെന്ന് പ്രധാനമായും അന്വേഷിക്കും. കൂടാതെ, ഫെമ ലംഘനത്തിനും നടപടി നേരിടേണ്ടിവരാൻ സാധ്യതയുണ്ട്. റിസർവ് ബാങ്കിൽനിന്നും, ആദായ നികുതി വകുപ്പിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ അന്വേഷണം.

റിയൽ എസ്റ്റേറ്റ് വിപണി ആകർഷകമായതിനെ തുടർന്ന് നിരവധി ഇന്ത്യൻ കുടുംബങ്ങളാണ് ദുബൈയിൽ വസ്‌തു വാങ്ങിക്കൂട്ടിയിട്ടുള്ളത്. ഡെവലപ്പർമാരുടെ ഓഫറുകളും കുറഞ്ഞതോതിലുള്ള തിരിച്ചടവുമൊക്കെ വാഗ്‌ദാനം ചെയ്യുന്നതിനാൽ വസ്‌തുക്കച്ചവടം വൻതോതിലാണ് നടക്കുന്നത്. ഈ സാഹചര്യത്തിൽ വിദേശ കറൻസി വിനിമയ വവ്യസ്ഥകൾ പലരും അറിഞ്ഞോ അറിയാതെയോ ലഘിച്ചിട്ടുള്ളതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകൾ ശക്തമാക്കുന്നത്.

ഇന്ത്യയിൽ കൊണ്ടുവരുന്നതിന് പകരം കയറ്റുമതി വരുമാനം ഉപയോഗിച്ച് വിദേശത്ത് സ്വത്ത് വാങ്ങുക, പ്രവാസിയായ ബന്ധുവിൽനിന്ന് സമ്മാനമായി ലഭിച്ച പണം ഉപയോഗിച്ച് വിദേശത്ത് സ്വത്ത് വാങ്ങുക, ആർബിഐയുടെ ലിബറലൈഡ്‌സ് റെമിറ്റൻസ് സ്‌കീം (എൽ.ആർ.എസ്) വഴി ബാങ്കിങ് സംവിധാനത്തിലൂടെ പണം കൈമാറുന്നതിന് പകരം ഹവാല ഇടപാടുകൾ നടത്തുക എന്നിവയൊക്കെ ഈ വിഭാഗത്തിൽപ്പെടും. വിദേശത്ത് ആസ്തികൾ സ്വന്തമാക്കാൻ പ്രതിവർഷം 2,50,000 ഡോളർ വരെ നിക്ഷേപിക്കാനാണ് എൽആർഎസ് വഴി അനുവാദമുള്ളത്.

ക്രിപ്റ്റോകറൻസിയിൽ നിക്ഷേപം നടത്തി വിദേശ എക്സ്ചേഞ്ചുകൾ, ബ്ലോക്ക് ചെയിൻ ശൃംഖലകൾ എന്നിവ വഴി ഡെവലപർമാർക്ക് കൈമാറി സ്വത്ത് സ്വന്തമാക്കിയവർക്കെതിരെയും നടപടിയെടുക്കും. ഇത്തരം ഇടപാടുകളുടെ ഹബ്ബായി ദുബൈ മറിയിട്ടുണ്ട്. സ്വത്തിൽനിന്ന് വായ്‌പയെടുത്തോ വാടക വരുമാനത്തിൽനിന്ന് മുൻകൂർ കടമായി വാങ്ങിയോ ഇടപാട് നടത്തിയവരും ഫെമ വ്യവസ്ഥകൾ ലംഘിച്ചതായി കണക്കാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദുബൈയിൽ സ്വത്ത് വാങ്ങാൻ ഉപയോഗിച്ച പണത്തിന്റെ ഉറവിടം തെളിയിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാലും നടപടി നേരിടേണ്ടിവരും.