റിയാദ്: ജിദ്ദയിൽ അതിവേഗ മെട്രോ സര്‍വീസ് തുടങ്ങാനുള്ള നടപടികൾ പുരോഗതിയിൽ. വരും വര്‍ഷങ്ങളില്‍ 5 പുതിയ വിമാനത്താവളങ്ങള്‍ കൂടി പ്രവര്‍ത്തന സജ്ജമാകും. ഗതാഗത മേഖലയിൽ പുതിയ വിവ്ലവം കുറിക്കാനൊരുങ്ങി സൗദി. ദാവൂസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ സൗദി ഗതാഗത-ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രാലയത്തിലെ അസി.ഡപ്യൂട്ടി മന്ത്രി നൗഫ് അല്‍ ഫരിസ് ആണ് ജിദ്ദ മെട്രോ തുടങ്ങാനുള്ള നീക്കത്തിലാണെന്ന കാര്യം വെളിപ്പെടുത്തിയത്.
2021 പകുതിയിൽ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരൻ പ്രഖ്യാപിച്ച സൗദിയുടെ ലോജിസ്റ്റിക് നിക്ഷേപ, ബിസിനസ് സൗഹൃദ നയങ്ങള്‍ ആഗോള വ്യാപാര കേന്ദ്രമായി സൗദിയെ മാറ്റാന്‍ ലക്ഷ്യമിട്ടുള്ളതാണ് തുടക്കത്തില്‍ 266 ബില്യന്‍ യുഎസ് ഡോളര്‍ (1 ട്രില്യന്‍ സൗദി റിയാല്‍) നിക്ഷേപം സമാഹരിക്കുന്നത് പ്രയാസകരമായിരിക്കുമെന്ന് കരുതിയെങ്കിലും റിയാദ് മെട്രോ, തുറമുഖങ്ങളുടെയും വിമാനത്താവളങ്ങളുടെയും വിപുലീകരണം തുടങ്ങി വന്‍കിട പദ്ധതികളിലൂടെ നയ ലക്ഷ്യങ്ങളുടെ പകുതി ദൂരം വിജയകരമായി പിന്നിട്ടുവെന്നും ജിദ്ദയിലും മെട്രോ തുടങ്ങാനുള്ള നടപടികളിലാണെന്നും മന്ത്രി വിശദമാക്കി.
വരും വര്‍ഷങ്ങളിലായി 5 പുതിയ വിമാനത്താവളങ്ങള്‍ തുറക്കാനുള്ള അതിവേഗ നടപടികളും പുരോഗതിയിലാണ്. രാജ്യത്തിന്റെ കണക്ടിവിറ്റിയേയും അടിസ്ഥാന വികസന സൗകര്യങ്ങളെയും കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് ഇവ. അയല്‍ രാജ്യങ്ങളായ കുവൈത്ത്, ഖത്തർ, യുഎഇ എമിറേറ്റുകളിലൊന്നായ അബുദാബി എന്നിവയെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള റെയില്‍വേയും അടുത്ത 4 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും.
വിദേശ നിക്ഷേപം രംഗത്തെ പുത്തന്‍ നയങ്ങളും ഗതാഗത മേഖലയുടെ വളര്‍ച്ചയ്ക്ക് വലിയ പങ്കു വഹിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സൗദിയില്‍ ബിസിനസ് തുടങ്ങുന്ന വിദേശ നിക്ഷേപകര്‍ക്ക് ഇപ്പോള്‍ 100 ശതമാനം ഉടമസ്ഥാവകാശം ഉറപ്പാക്കുന്നതാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്ന സുപ്രധാന നയങ്ങളിലൊന്ന്. ബിസിനസ് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ വലിയ ശ്രദ്ധ കൊടുത്താണ് സൗദി വിഷന്‍ 2030ന് അനുസൃതമായി പദ്ധതികള്‍ പുരോഗമിക്കുന്നത്. 2034 ഫിഫ ലോകകപ്പിന്റെ ആതിഥേയത്വം വഹിക്കുന്നതിനാൽ വൻകിട പദ്ധതികളുടെ തിരക്കിലാണ് സൗദി.
