യന്ത്ര ഊഞ്ഞാലിൻ്റെ ഡോർ ഇളകി തലയിൽ വീണു; 17കാരന് ഗുരുതര പരിക്ക്

0
1144

കോട്ടയം ചങ്ങനാശേരിയിൽ പള്ളിപ്പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിൻ്റെ ഡോർ ഇളകി വീണ് 17കാരന് ഗുരുതര പരിക്ക്. ചങ്ങനാശേരി സ്വദേശി അലൻ ബിജുവിനാണ് പരിക്കേറ്റത്. ബന്ധുവിനൊപ്പം യന്ത്ര ഊഞ്ഞാലിന് താഴെ നിൽക്കുകയായിരുന്നു അലൻ. പെട്ടെന്ന് ഇളകി വീണ വാതിൽ അലൻ്റെ തലയിലേക്ക് പതിക്കുകയായിരുന്നു. ചങ്ങനാശ്ശേരി മെട്രോപൊളിറ്റൻ പള്ളിയിലെ പെരുന്നാളിന്റെ ഭാ​ഗമായാണ് യന്ത്ര ഊഞ്ഞാൽ ഒരുക്കിയത്.

ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അലനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. പരിക്കേറ്റ അലൻ ബിജു അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. അലൻ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരും.

അപകടത്തെ തുടർന്ന് യന്ത്ര ഊഞ്ഞാലിൻ്റെ പ്രവർത്തനം പൊലീസ് നിർത്തിവെപ്പിച്ചു. സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് ഓപ്പറേറ്ററെ പൊലീസ് കസ്റ്റഡിയിലെടുത്തു.