ഇവിടെ 60 ഇന്ത്യക്കാരാണ് തടവിലുള്ളത്, ഡിപ്പോര്‍ട്ടേഷന്‍ സെന്ററില്‍ ആറു മലയാളികളടക്കം 31 ഇന്ത്യക്കാർ
ജിസാന്‍: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പാസ്പോര്‍ട്ട് വിഭാഗം അസിസ്റ്റന്റ് കോണ്‍സല്‍ കിഷന്‍ സിംഗ് ജിസാന്‍ സെന്‍ട്രല്‍ ജയിലും ഡിപോര്‍ട്ടഷന്‍ കേന്ദ്രവും സന്ദര്‍ശിച്ചു. 22 മലയാളികളടക്കം 60 ഇന്ത്യക്കാര്‍ വിവിധ കേസുകളില്‍പെട്ട് ജയിലില്‍ കഴിയുന്നതായി സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധിയെ അറിയിച്ചു. ജിസാന്‍ ഡിപ്പോര്‍ട്ടേഷന്‍ സെന്ററില്‍ ആറു മലയാളികളടക്കം 31 ഇന്ത്യക്കാരാണ് ഇപ്പോഴുള്ളത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗങ്ങളായ ഷംസു പൂക്കോട്ടൂര്‍, താഹ കൊല്ലേത്ത്, സെയ്ദ് കാശിഫ് എന്നിവരും കോണ്‍സലിനൊപ്പമുണ്ടായിരുന്നു. കോണ്‍സുലേറ്റ് സംഘം ജിസാന്‍ സെന്‍ട്രല്‍ ജയില്‍ അഡീഷണല്‍ ഡയറക്ടര്‍ നവാഫ് അഹമ്മദ് സെര്‍ഹിയുമായും ഉന്നത ജയില്‍ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച്ച നടത്തി. സംഘം ഇന്ത്യന്‍ തടവുകാരെ നേരില്‍ കാണുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ജിസാന്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷയനുഭവിക്കുന്ന 60 ഇന്ത്യന്‍ തടവുകാരില്‍ എട്ടു പേരുടെ ശിക്ഷ ഇളവുചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായുള്ള ശിപാര്‍ശ റിയാദിലേക്ക് അയച്ചതായി ജയില്‍ അധികൃതര്‍ അറിയിച്ചു.
സെന്‍ട്രല്‍ ജയിലിലുള്ള മലയാളികളില്‍ ഭൂരിഭാഗവും മയക്കുമരുന്ന് കടത്തിയതിനും യെമന്‍ അതിര്‍ത്തിയില്‍ നിന്ന് ‘ഖാത്ത്’ എന്ന ലഹരി ഇല കടത്തിയതിനും ശിക്ഷയനുഭവിക്കുന്നവരാണ്. ജിസാന്‍ ജയിലില്‍ വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷയനുഭവിക്കുന്ന മലയാളികളൊഴികെയുള്ള ഇന്ത്യന്‍ തടവുകാര്‍ തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍, ആസാം, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ശിക്ഷാ കാലാവധി കഴിഞ്ഞ് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നാലു പേരെ ഈയാഴ്ച്ച തന്നെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ജയില്‍ അധികൃതരുമായി ബന്ധപ്പെട്ട് പൂര്‍ത്തീകരിക്കുമെന്ന് കിഷന്‍ സിംഗ് പറഞ്ഞു.
രേഖകളില്ലാതെ അനധികൃതമായി താമസിച്ചതിന് പിടിയിലായി ജിസാന്‍ ഡിപ്പോര്‍ട്ടേഷന്‍ സെന്ററിലുള്ള 12 ഇന്ത്യക്കാര്‍ക്ക് കോണ്‍സുലേറ്റില്‍ നിന്ന് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് തയാറാക്കി എത്രയും വേഗം ജയില്‍ അധികൃതര്‍ക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍പെടാത്ത നിയമ ലംഘകരായ ഇന്ത്യക്കാരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചയക്കുന്നതിന് നിയമതടസമില്ലെന്ന് ഡിപ്പോര്‍ട്ടേഷന്‍ സെന്റര്‍ അധികൃതര്‍ വ്യക്തമാക്കി.
മേഖലയിലെ ഇന്ത്യക്കാര്‍ക്ക് വിവിധ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ നല്‍കുന്നതിനായി ജിസാന്‍ പ്രിന്‍സ് സുല്‍ത്താന്‍ റോഡിലുള്ള മുഗള്‍ റസ്റ്ററന്റില്‍ വെള്ളിയാഴ്ച്ച രാവിലെ എട്ടു മണി മുതല്‍ നടന്ന കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് കിഷന്‍ സിംഗും വി.എഫ്.എസ് ഉദ്യോഗസ്ഥരും നേതൃത്വം നല്‍കി. ജിസാനിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അമ്പതിലധികം ഇന്ത്യക്കാര്‍ക്ക് അറ്റസ്റ്റേഷന്‍ സേവങ്ങള്‍ ലഭ്യമാക്കിയതായി അസിസ്റ്റന്റ് കോണ്‍സല്‍ കിഷന്‍ സിംഗ് അറിയിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക