താന്‍ വീട്ടില്‍ തിരിച്ചെത്തിയെന്ന് അറിയിച്ച് മഹാകുംഭമേളയ്ക്കിടെ സാമൂഹികമാധ്യമങ്ങളില്‍ താരമായ മോണി ബോസ്ലെ. സ്വന്തം സുരക്ഷിതത്വം പരിഗണിച്ചാണ് താന്‍ വീട്ടിലേക്ക് തിരിച്ചതെന്ന് മഹാകുംഭമേളയിലെ ‘മൊണാലിസ’ എന്നറിയപ്പെട്ട 16-കാരി പറഞ്ഞു. പറ്റിയാല്‍ അടുത്ത കുംഭമേളയ്ക്ക് താന്‍ വരുമെന്നും ഇന്ദോര്‍ സ്വദേശിയായ മോണി ബോസ്ലെ സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു.
മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ രുദ്രാക്ഷമാല വില്‍ക്കാനെത്തിയ 16-കാരിയാണ് മോണി ബോസ്ലെ. മോണി ബോസ്ലെയുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണ് ഈ 16-കാരി വൈറലായത്. മോണി ബോസ്ലെയെ സാമൂഹികമാധ്യമങ്ങളില്‍ ‘മൊണാലിസ’ എന്നാണ് വിശേഷിപ്പിച്ചത്. ചാരക്കണ്ണുകളും ചിരിയും സുന്ദരമാണെന്നും അഭിപ്രായങ്ങളുയര്‍ന്നു. ‘ബ്രൗണ്‍ ബ്യൂട്ടി’ എന്നും ഈ 16-കാരി വിശേഷിപ്പിക്കപ്പെട്ടു.
സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ഒപ്പം ഫോട്ടോയെടുക്കാനും ദൃശ്യം പകര്‍ത്താനും നിരവധി പേര്‍ മോണി ബോസ്ലെയെ തിരഞ്ഞെത്തിയിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ഉപജീവനമാര്‍ഗമായ മാല വില്‍പ്പനയെയും ഈ ആരാധകശല്യം ബാധിച്ചു. മാല വില്‍ക്കുന്ന സ്റ്റാള്‍ മൊണാലിസയെ കാണാനെത്തുന്നവരെ കൊണ്ട് നിറഞ്ഞതോടെയാണ് കുടുംബം പൊറുതിമുട്ടിയത്.
അതിനിടെ, തന്നെ വളഞ്ഞ ആരാധകരില്‍നിന്ന് ഓടിരക്ഷപ്പെടുന്ന മോണി ബോസ്ലെയുടെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ചിത്രം പകര്‍ത്താനെത്തിയവരില്‍നിന്ന് രക്ഷപ്പെടാനായി പെണ്‍കുട്ടി മുഖവും തലയും ഷാള്‍ കൊണ്ട് മറക്കുന്നതും ഓടിരക്ഷപ്പെടുന്ന ഇവരെ കുടുംബാംഗങ്ങള്‍ സുരക്ഷിതയാക്കുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്.

