സഊദിയിൽ ഇനി അതിവേഗം സന്ദർശന വിസ

0
2981

ദാവോസ്: അഞ്ചു മിനിറ്റിനകം സഊദി സന്ദർശന വിസ ലഭിക്കുമെന്ന് ടൂറിസം മന്ത്രി അഹ്മദ് അൽഖതീബ്. ദാവോസ് വേൾഡ് ഇക്കണോമിക് ഫോറത്തോടനുബന്ധിച്ച് ഒരുക്കിയ സൗദി ഹൗസ് പവലിയനിൽ ടൂറിസം മേഖലാ സുസ്ഥിരതയെ കുറിച്ച് വിശകലനം ചെയ്യാൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സൗദിയിലെ എല്ലാ പ്രവിശ്യകളിലും ടൂറിസം ആസ്തികളുണ്ട്. ഒരു നഗരത്തിൽ മാത്രം അമിത വിനോദസഞ്ചാരം ഒഴിവാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ടൂറിസം മേഖലയിൽ സൗദി അറേബ്യ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. വിഷൻ 2030 ന്റെ ഭാഗമായി പരിസ്ഥിതി സുസ്ഥിരതാ മാനദണ്ഡങ്ങൾ കൈവരിക്കാൻ രാജ്യം ആഗ്രഹിക്കുന്നു.

പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കാൻ സൗദി അറേബ്യ 50,000 കോടിയിലേറെ ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തിവരികയാണ്. അൽഉല, റെഡ്‌സീ പോലുള്ള ടൂറിസം പദ്ധതികളിൽ പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കാൻ പ്രത്യേക ശ്രദ്ധ നൽകുന്നു. വൻകിട ടൂറിസം പദ്ധതികളിൽ രൂപകൽപന മുതൽ നടപ്പാക്കൽ ഘട്ടം വരെയുള്ള ഓരോ ചുവടുവെപ്പിലും സുസ്ഥിരത കൈവരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സമാരംഭം കുറിച്ച സൗദി ഗ്രീൻ, മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനീഷ്യേറ്റീവുകളിലൂടെ 2030 ഓടെ കോടിക്കണക്കിന് വൃക്ഷങ്ങൾ നട്ടുവളർത്താനുള്ള ശ്രമങ്ങളുമായി സൗദി അറേബ്യ മുന്നോട്ടുപോവുകയാന്നെന്ന് അദ്ദേഹം പറഞ്ഞു.