ഭർതൃവീട്ടിൽനിന്നു തിരിച്ചെത്തിയതിനു പിന്നാലെയാണ് 22കാരി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
കോഴിക്കോട് നാദാപുരം തൂണേരിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ. ഫിദ ഫാത്തിമയെ ( 22 ) ആണ് ഇന്നലെ വൈകിട്ട് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടാണിയിലെ സ്വന്തം വീട്ടിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഫാനിൽ തൂങ്ങിയ നിലയിൽ ഫിദയെ കണ്ടത്.
ഒന്നര വർഷം മുൻപായിരുന്നു ഫിദയുടെയും മുഹമ്മദ് ഇർഫാന്റെയും വിവാഹം. ഓര്‍ക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇര്‍ഫാന്റെ ഭാര്യയാണ് ഫിദ ഫാത്തിമ. ഇന്നലെ ഉച്ചയോടെ ആണ് ഫിദ ഭർതൃവീട്ടിൽ നിന്ന് സ്വന്തം വീട്ടിലെത്തിയത്. വൈകിട്ടോടെ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. ഫാനിൽ തൂങ്ങിയ നിലയിലാണ് 22-കാരിയെ കണ്ടെത്തിയത്.
ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. നാദാപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
അടുത്തിടെ മലപ്പുറത്ത് നവവധു തൂങ്ങി മരിച്ചിരുന്നു. 19-കാരിയായ ഷഹാന മുംതാസാണ് സ്വന്തം വീട്ടിൽ ജീവനൊടുക്കിയത്. നിറമില്ലെന്നും ഇംഗ്ലീഷ് അറിയില്ലെന്നും ആരോപിച്ച് ഭർതൃവീട്ടുകാർ നിരന്തരം മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നുവെന്നും അധിക്ഷേപിച്ചിരുന്നുവെന്നും പരാതി ഉയർന്നിരുന്നു. സംഭവത്തിൽ വിദേശത്തായിരുന്നു ഭർത്താവിനെ നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)