പറഞ്ഞ കാര്യങ്ങളെല്ലാം പിൻവലിച്ച് മാപ്പ് പറയാം, അതേ സ്‌കൂളിൽ തന്നെ തുടർന്ന് പഠിക്കണം;  കേരളത്തെ ഞെട്ടിച്ച കൊലവിളിയിൽ മാനസാന്തരപ്പെട്ട് വിദ്യാർത്ഥി

0
1875

പഠിക്കാനുള്ള’കുട്ടിയെ ക്രിമിനലാക്കാനില്ല, അടുത്ത ദിവസം മുതൽ ക്ലാസ്സിൽ വരും’

പാലക്കാട്: തൃത്താലയിൽ വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും തുടർന്ന് വിദ്യാർത്ഥി അധ്യാപകനെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ സമവായം. തൃത്താല പൊലീസ് സ്റ്റേഷനിൽ വെച്ച് അധ്യാപകരും വിദ്യാർത്ഥിയും രക്ഷിതാവിന്റെ സാനിധ്യത്തിൽ സംസാരിച്ചു.

പിഴവ് പറ്റിയതാണെന്നും മാപ്പ് നൽകണമെന്നും വിദ്യാർത്ഥി അധ്യാപകനോട് പറഞ്ഞു. കേസുമായി ഇനി മുന്നോട്ട് പോകേണ്ടതില്ലെന്ന് അധ്യാപകർ തീരുമാനിച്ചിട്ടുണ്ട്. വിദ്യാർത്ഥിക്ക് കൗൺസിലിംഗ് നൽകാനും അടുത്ത ദിവസം മുതൽ ക്ലാസിൽ വരാൻ സൗകര്യമൊരുക്കാനും തീരുമാനമായി. തൃത്താല പൊലീസ് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വനിതാശിശു വികസന വകുപ്പിന് റിപ്പോർട്ട് കൈമാറും. കുട്ടിയെ തിരുത്താൻ നടപടി സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി. വിദ്യാർത്ഥിയുടെ വീഡിയോ പ്രചരിപ്പിച്ചതിൽ അധ്യാപകർക്കോ സ്ഥാപനത്തിനോ ബന്ധമില്ല. കുട്ടിയെ ക്രിമിനൽ ആക്കാനില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു.

സംഭവത്തിൽ മാനസാന്തരമുണ്ടെന്ന് വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞിരുന്നു. തൃത്താല പൊലീസ് വിളിച്ചുവരുത്തിയപ്പോഴാണ് വിദ്യാർത്ഥി പിഴവ് തുറന്ന് പറഞ്ഞത്. ഫോൺ വാങ്ങിവെച്ച് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തിൽ പറഞ്ഞുപോയതാണെന്നും പറഞ്ഞ കാര്യങ്ങളെല്ലാം പിൻവലിച്ച് മാപ്പ് പറയാൻ തയ്യാറാണെന്നുമാണ് വിദ്യാർത്ഥി പൊലീസിനെ അറിയിച്ചത്. തനിക്ക് അതേ സ്‌കൂളിൽ തന്നെ തുടർന്ന് പഠിക്കാനുള്ള അവസരം നൽകാൻ ഇടപെടണമെന്നും വിദ്യാർത്ഥി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സ്‌കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരാൻ അനുവാദമില്ലാതിരുന്നിട്ടും അത് ലംഘിച്ചതോടെയാണ് അധ്യാപകർ വിദ്യാർത്ഥിയുടെ ഫോൺ പിടിച്ചുവെച്ചത്. ഫോൺ വാങ്ങിയതിലും വിദ്യാർത്ഥി പ്രശ്നമുണ്ടാക്കിയിരുന്നു. തുടർന്ന് പ്രധാനാധ്യാപകന്റെ മുറിയിലേയ്ക്ക് കുട്ടിയെ വിളിപ്പിക്കുകയായിരുന്നു. അവിടെ വെച്ചാണ് അധ്യാപകനെ കൊല്ലുമെന്നുള്ള തരത്തിൽ ഭീഷണി മുഴക്കി വിദ്യാർത്ഥി സംസാരിച്ചത്.