കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി ഹജ്ജിന് പോകുന്നവരിൽ നിന്ന് ഈടാക്കുന്ന അധിക ചാർജ് പിൻവലിക്കാത്തതിൽ പ്രതിഷേധം ശക്തം. എംബാർക്കേഷൻ പോയിന്‍റ് മാറ്റി നൽകുക,അമിത തുക ഒഴിവാക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മൂവായിരത്തോളം ഹാജിമാർ പരാതി നൽകി. മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് 40, 000 രൂപയാണ് അധികം നൽകേണ്ടി വരുന്നത്.
2025 ലെ ഹജ്ജ് നിര്‍വഹിക്കുന്നതിനായി കരിപ്പൂര്‍ എംബാര്‍ക്കേഷന്‍ പോയിന്‍റായി തെരഞ്ഞെടുത്ത ഹാജിമാര്‍ക്ക്, കേരളത്തിലെ തന്നെ മറ്റ് രണ്ട് എംബാര്‍ക്കേഷന്‍ പോയിന്‍റുകളായ കൊച്ചിയേക്കാളും കണ്ണൂരിനെക്കാളും 40000 രൂപയോളം അധിക തുകയാണ് നൽകേണ്ടി വരുന്നത്.
ഇത് 6000 ഓളം ഹാജിമാരെയാണ് നേരിട്ട് ബാധിക്കുന്നത്. നിരക്ക് വർധനവിനെതിരെ കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ അബ്ദുല്ലക്കുട്ടി , മുഖ്യമന്ത്രി പിണറായി വിജയന്‍ , ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ ഹുസൈൻ സഖാഫി ചുള്ളിക്കോട് തുടങ്ങിയവര്‍ക്ക് 3000ത്തോളം ഹാജിമാർ ഒപ്പിട്ട പരാതി നൽകി.
കോഴിക്കോട് എയര്‍ പോര്‍ട്ടിലെ നിരക്ക് ഏകീകരിക്കുകയോ അതിനു കഴിയില്ലങ്കില്‍ ഹാജിമാര്‍ നല്‍കിയ സെക്കന്‍ഡ് പ്രിഫറന്‍സിലേക്ക് പുറപ്പെടല്‍ കേന്ദ്രം മാറ്റി നല്‍കുകയോ ചെയ്യണമെന്നാണ് പ്രധാന ആവശ്യം.





