പിപിഇ കിറ്റ് ഇടപാടില്‍ ക്രമക്കേടെന്ന് സിഎജി, 10.23 കോടി രൂപ അധിക ബാധ്യത

0
861

തിരുവനന്തപുരം: കൊവിഡ് കാലത്ത് നടന്ന പിപിഇ കിറ്റ് ഇടപാടില്‍ ക്രമക്കേട് നടന്നെന്ന് സിഎജി റിപ്പോര്‍ട്ട്. ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തിയാണ് റിപ്പോര്‍ട്ട്. ഈ ഇടപാടിന്റെ ഭാഗമായി സര്‍ക്കാരിന് 10.23 കോടി രൂപ അധിക ബാധ്യതയുണ്ടായെന്നാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്.

പിപിഇ കിറ്റിന് പൊതുവിപണിയേക്കാള്‍ 300 ഇരട്ടി പണം നല്‍കി. 2020 മാര്‍ച്ച് 28 ന് 550 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങി. മാര്‍ച്ച് 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങി.രണ്ട് ദിവസത്തില്‍ പിപിഇ കിറ്റിന്റെ വില 1000 രൂപ കൂടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞു. സാന്‍ ഫാര്‍മ കമ്പനിയ്ക്ക് പണം മുന്‍കൂറായി നല്‍കിയെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.

അഞ്ച് കമ്പനികളാണ് 800 രൂപ മുതല്‍ 1550 രൂപവരെ കോട്ട് ചെയ്തതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍ക്കാര്‍ അന്നത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ ടെന്‍ഡര്‍ വ്യവസ്ഥയില്‍ ഇളവ് നല്‍കിയിരുന്നു. അങ്ങനെ ഇളവ് നല്‍കിയപ്പോള്‍ 545 രൂപയാണ് ഒരു യൂണിറ്റിന്റെ നിരക്കായി തീരുമാനിച്ചത്. ഇത് 2020 മാര്‍ച്ച് മാസത്തിലെ നിരക്കാണ്. 550 രൂപയ്ക്ക് പി.പി.ഇ കിറ്റ് നല്‍കാന്‍ ഒരു കമ്പനി രംഗത്ത് വന്നിരുന്നു. അവരില്‍ നിന്ന് 25000 പി.പി.ഇ കിറ്റ് വാങ്ങാമെന്നാണ് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വാഗ്ദാനം ചെയ്തത്. പക്ഷെ 10000 നുള്ള പര്‍ച്ചേസ് ഓര്‍ഡര്‍ മാത്രമേ നല്‍കിയിരുന്നുള്ളു.

ഒരുമാസം കഴിഞ്ഞ് ഈ കമ്പനിയെ ഒഴിവാക്കി മറ്റ് കമ്പനികളില്‍ നിന്ന് ഉയര്‍ന്ന നിരക്കിലാണ് നിരവധി കിറ്റുകള്‍ വാങ്ങിയത്. 550 രൂപയ്ക്ക് കിറ്റ് നല്‍കാമെന്ന് പറഞ്ഞ കമ്പനിയെ ഒഴിവാക്കി 800 മുതല്‍ 1550 രൂപവരെ നിരക്കിട്ട കമ്പനികളില്‍ നിന്നാണ് പിന്നീട് കിറ്റുകള്‍ വാങ്ങിയത്. ഇതുവഴി 10.23 കോടി രൂപയുടെ അധിക ബാധ്യതയാണ് സര്‍ക്കാരിനുണ്ടായതെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു