ന്യൂഡൽഹി: നീതിക്കും സമത്വത്തിനുമായി ‘വെള്ള ടീ ഷർട്ട് ക്യാമ്പയിൻ’ പ്രഖ്യാപിച്ച് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. നരേന്ദ്ര മോദി സർക്കാർ പാവപ്പെട്ട ജനങ്ങളോട് പുറംതിരിഞ്ഞു നിൽക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
”നിങ്ങൾ സാമ്പത്തിക നീതിയിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ സാമ്പത്തിക അസമത്വം വർധിച്ചുവരുന്നതിനെ എതിർക്കണം. സാമൂഹ്യസമത്വത്തിനായി പോരാടണം. എല്ലാ തരത്തിലുമുള്ള വിവേചനത്തെയും എതിർക്കണം. രാജ്യത്തിന്റെ സ്ഥിരതക്കും സമാധാനത്തിനുമായി നിലകൊള്ളണം. നിങ്ങളുടെ വെള്ള ടീ ഷർട്ട് ധരിച്ച് ക്യാമ്പയിന്റെ ഭാഗമാകണം”-എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ രാഹുൽ പറഞ്ഞു.
പാവപ്പെട്ടവരോടും അധ്വാനിക്കുന്നവരോടെ മോദി സർക്കാർ പുറംതിരിഞ്ഞു നിൽക്കുകയാണ്. എതാനും മുതലാളിമാരുടെ സമ്പത്ത് വർധിപ്പിക്കുന്നതിൽ മാത്രമാണ് സർക്കാർ ശ്രദ്ധയൂന്നുന്നത്. ഇതുകൊണ്ട് തന്നെ രാജ്യത്ത് അസമത്വം വർധിച്ചുവരികയും തങ്ങളുടെ രക്തവും വിയർപ്പും നൽകി രാജ്യത്തെ പുഷ്ടിപ്പെടുത്തുന്ന സാധാരണക്കാരായ തൊഴിലാളികളുടെ ജിവിതനിലവാരം ഇടിയുകയും ചെയ്യുന്നു.
അവർ അനീതിക്കും പീഡനത്തിനും ഇരയാകുന്നു. ഈ സാഹചര്യത്തിൽ അവർക്ക് നീതി ലഭിക്കുന്നതിനായി ശബ്ദമുയർത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വെള്ള ടീ ഷർട്ട് കേവലം ഒരു തുണിക്കഷ്ണമല്ല. പാർട്ടിയുടെ അഞ്ച് തത്വങ്ങളെയാണ് അത് സൂചിപ്പിക്കുന്നത്. അനുകമ്പ, ഐക്യം, അഹിംസ, സമത്വം എന്നിവയുടെ പ്രതീകരമാണ് വെള്ള ടീ ഷർട്ട് എന്നാണ് വെള്ള ടീ ഷർട്ട് മൂവ്‌മെന്റ് വെബ്‌സൈറ്റ് പറയുന്നത്.