സ്‌കൂള്‍ കായിക മേളയില്‍ കളരിപ്പയറ്റ് മത്സര ഇനമാക്കും: മന്ത്രി വി. ശിവന്‍കുട്ടി

0
449

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ കളരിപ്പയറ്റ് മത്സര ഇനമാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. അടുത്ത കായികമേള മുതൽ കളരിപ്പയറ്റ് മത്സര ഇനമാക്കും. ഇതിനായി സ്‌പോര്‍ട്‌സ് മാന്വല്‍ പരിഷ്‌കരിക്കും.

ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് മത്സര ഇനമാക്കാത്ത ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷയായ പി.ടി. ഉഷ ഇക്കാര്യത്തില്‍ ഒളിച്ചുകളി നടത്തുകയാണെന്നും മന്ത്രി ആരോപിച്ചു.

അടുത്തവര്‍ഷം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കളരിപ്പയറ്റ് അണ്ടര്‍ 14,17,19 എന്നീ വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സര ഇനമായി ഉള്‍പ്പെടുത്തുള്ള പ്രവര്‍ത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നതെന്നും മന്ത്രി സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു.

ഈ മാസം 28 നാണ് ഉത്തരാഖണ്ഡില്‍ ദേശീയ ഗെയിംസ് ആരംഭിക്കുന്നത്. ഗെയിംസില്‍ കളരിപ്പയറ്റ് മത്സരയിനമാക്കുക പ്രയാസകരമായിരിക്കുമെന്നായിരുന്നു പി.ടി. ഉഷയുടെ പ്രതികരണം. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായ സാഹചര്യത്തില്‍ പുതിയ ഇനം ഉള്‍പ്പെടുത്തുന്നത് പ്രയാസമാണെന്നാണ് പി.ടി. ഉഷ പറയുന്നത്.

ഗോവ ദേശീയ ഗെയിംസില്‍ മത്സര ഇനമായിരുന്ന കളരിപ്പയറ്റിനെ ഇത്തവണത്തെ ആതിഥേയരായ ഉത്തരാഖണ്ഡ് തങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ച് പ്രദര്‍ശന ഇനം മാത്രമാക്കി മാറ്റുകയായിരുന്നു. ഇതിനെതിരെ കഴിഞ്ഞ ഗെയിംസില്‍ ഹരിയാനയ്ക്ക് വേണ്ടി കളരിപ്പയറ്റില്‍ വെങ്കല മെഡല്‍ നേടിയ ഹര്‍ഷിത യാദവ് നല്‍കിയ ഹര്‍ജിയില്‍ കളരിയെ ഇക്കുറിയും മത്സരഇനമായി നിലനിര്‍ത്താന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഗോവ ദേശീയ ഗെയിംസില്‍ അഞ്ചാം സ്ഥാനത്തെത്തിയ കേരളത്തിന് 36 സ്വര്‍ണവും 24 വെള്ളിയും 27 വെങ്കലവുമാണ് ലഭിച്ചത്. കേരളത്തിന് ലഭിച്ച 36 സ്വര്‍ണത്തില്‍ 19 ഉം കളരിയില്‍ നിന്നായിരുന്നു. രണ്ട് വെള്ളിയും ഒരു വെങ്കലവുമടക്കം 22 മെഡലുകളാണ് കളരിയില്‍ നിന്ന് കേരളത്തിന് ലഭിച്ചത്.