Monday, 10 February - 2025

ടൂറുകളും ക്യാംപുകളും; പീഡിപ്പിച്ചത് 50ലേറെ വിദ്യാര്‍ഥിനികളെ

അന്‍പതിലേറെ വിദ്യാര്‍ഥിനികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത മാനസികാരോഗ്യ വിദഗ്ധന്‍ ഒടുവില്‍ കുടുങ്ങി. ഒരിക്കലും താന്‍ പിടിക്കപ്പെടില്ലെന്ന ഉറച്ച വിശ്വാസത്തില്‍ കഴിഞ്ഞ പ്രതി പിടിയിലായതാകട്ടെ 15 വര്‍ഷത്തെ കുറ്റകൃത്യങ്ങള്‍ക്കൊടുവില്‍. ഇക്കാലയളവിലാണ് നാല്‍പത്തിയഞ്ചുകാരനായ പ്രതി അന്‍പതിലേറെപ്പേരെ ലൈംഗികമായി പീഡിപ്പിച്ചത്.

താന്‍ പീഡിപ്പിച്ച വിദ്യാര്‍ഥിനികളില്‍ പലരും വിവാഹിതരായി കുടുംബജീവിതത്തിലേക്ക് കടന്നത് കണ്ടതോടെ പ്രതി കുറ്റകൃത്യം തുടര്‍ന്നുകൊണ്ടേയിരുന്നു. നാഗ്പൂരിലാണ് സംഭവം. സ്വന്തമായി ക്ലിനിക് നടത്തുകയായിരുന്നു പ്രതി. ഇതിനോട് ചേര്‍ന്ന് പഠനസംബന്ധമായ ഒരു കേന്ദ്രവും നടത്തിയിരുന്നു. ഇവിടെയെത്തിയ വിദ്യാര്‍ഥിനികളെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. വിദ്യാര്‍ഥിനികളുടെ സ്വകാര്യദൃശ്യങ്ങളടക്കം പകര്‍ത്തി, അത് കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു പ്രതി ചെയ്തതെന്ന് ഹുഡ്കേശ്വര്‍ പൊലീസ്.

വ്യക്തിപരമായും തൊഴില്‍പരമായും സഹായിക്കാം എന്ന വാഗ്ദാനം നല്‍കി പെണ്‍കുട്ടികളെ ഇയാള്‍ സമീപിക്കും. വിദ്യാര്‍ഥിനികള്‍ക്കായി പ്രത്യേക ടൂറുകളും ക്യാംപുകളും ഇയാള്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുത്ത വിദ്യാര്‍ഥിനികളാണ് പീഡിപ്പിക്കപ്പെട്ടത്. പ്രതിയുടെ ഭീഷണിയെ തുടര്‍ന്ന് ഒരു പൂര്‍വവിദ്യാര്‍ഥിനി പൊലീസില്‍ പരാതിയുമായി എത്തിയതോടെയാണ് 15 വര്‍ഷത്തോളം ഇയാള്‍ തുടര്‍ന്നുവന്ന പീഡനപരമ്പരയെക്കുറിച്ച് പുറംലോകമറിഞ്ഞത്.

പീഡനത്തിന് ഇരയായ പല പെണ്‍കുട്ടികളും പരാതിയുമായി മുന്നോട്ടുവരാന്‍ തയ്യാറായിട്ടില്ലെന്ന് പൊലീസ്. പലരും വിവാഹിതരാണ്. ഇക്കാര്യങ്ങളൊന്നും പുറത്തുപറയാതെ പുതിയ ജീവിതം തിരഞ്ഞെടുത്തവരാണ്. അവര്‍ക്ക് പരാതിയുമായി മുന്നോട്ടുവരാന്‍ ബുദ്ധിമുട്ടാണ്. പൊലീസ് വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തിവരികയാണ്. പ്രത്യേക കമ്മറ്റി രൂപീകരിച്ച് പീഡനത്തിന് ഇരയായവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അന്വേഷണ ഉദ്യേഗസ്ഥര്‍ വ്യക്തമാക്കി. പോക്സോ, പട്ടികജാതി, പട്ടികവിഭാഗങ്ങള്‍ക്കെതിരായ അതിക്രമ നിയമം തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

Most Popular

error: