റിയാദ്: ഈ മാസം ഒമ്പതിന് ഹൃദയാഘാതത്തെ തുടർന്ന് മരിച്ച തിരുവനന്തപുരം കിളിമാനൂർ, തൊളിക്കുഴി സ്വദേശി നിസാമിന്‍റെ മൃതദേഹം തിങ്കളാഴ്ച്ച വൈകീട്ട് റിയാദ്, നസീമിലെ ഹയ്യുൽ സലാം മഖ്ബറയിൽ ഖബറടക്കി. നവോദയ ജീവകാരുണ്യവിഭാഗം കൺവീനർ ബാബുജി നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി.
ഏറെ നാളായി ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന നിസാമിനെ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് സാമൂഹിക പ്രവർത്തകരുടെ സഹായത്താൽ റിയാദിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റിയാദ് ദാഖൽ മഅദൂദിൽ 25 വർഷത്തോളമായി ഇലക്ട്രീഷ്യനായി സ്വന്തം നിലയിൽ ജോലി നോക്കുകയായിരുന്നു നിസാം. ഖബറടക്കുന്നതിന് ബാബുജി, മൊയ്‌ദീൻ തെന്നല, സുധീർഖാൻ തൊപ്പിച്ചന്ത, റിയാസ്, ഷാനവാസ് എന്നിവർ നേതൃത്വം നൽകി. കാസർകോട്, ദേലംപാടി, പറപ്പ സ്വദേശിനിയായ ആയിഷത്ത് മിസിരിയ (34) ആണ് ഭാര്യ. വിദ്യാർഥിയായ മുഹമ്മദ് മിഷാൽ (6) ഏക മകനാണ്.
തിരുവനന്തപുരം, തൊളിക്കുഴി സ്വദേശികളായ ഷുഹൈബ് പിതാവും കാമിലത്ത് ബീവി മാതാവുമാണ്. സഹോദരങ്ങൾ: സിറാജ് (പരേതൻ), സജീന, റജീന (പരേത). റിയാദിലെ സാമൂഹിക പ്രവർത്തകനും നവോദയ സ്ഥാപകാംഗവുമായ കുമ്മിൾ സുധീർ മാതൃസഹോദരീ പുത്രനാണ്.