Monday, 10 February - 2025

കിടിലൻ ഇളവുമായി ബജറ്റ് എയർലൈൻ; യാത്രക്കാർക്ക് സന്തോഷം, സാധനങ്ങൾ കുറക്കേണ്ട, ബാഗേജ് അലവൻസും കൂട്ടി

പുതിയ തീരുമാനം യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ്. ബാഗേജ് അലവന്‍സില്‍ കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക പരിഗണനയും നല്‍കിയിട്ടുണ്ട്

ഷാര്‍ജ: വിമാന യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ബജറ്റ് വിമാന കമ്പനിയായ എയര്‍ അറേബ്യ. ബാഗേജ് അലവന്‍സിലാണ് ഇളവ് പ്രഖ്യാപിച്ചത്. യാത്രക്കാര്‍ക്ക് കൊണ്ടുപോകാവുന്ന ഹാന്‍ഡ് ബാഗേജിന്‍റെ ഭാരമാണ് എയര്‍ അറേബ്യ വര്‍ധിപ്പിച്ചത്.

മിക്ക എയര്‍ലൈനുകളിലും കൊണ്ടുപോകാവുന്ന ഹാന്‍ഡ് ബാഗേജിന്‍റെ ഭാരം ഏഴ് കിലോയാണ്. എന്നാല്‍ ഇത് 10 കിലോയാക്കി ഉയര്‍ത്തിയിരിക്കുകയാണ് എയര്‍ അറേബ്യ. കൈവശം ആകെ കൊണ്ടുപോകാവുന്ന ഹാന്‍ഡ് ബാജേഗിന്‍റെ ഭാരമാണ് 10 കിലോ. കാരി-ഓണ്‍ ബാഗുകള്‍, വ്യക്തിഗത സാധനങ്ങള്‍, ഡ്യൂട്ടി ഫ്രീ പര്‍ച്ചേസുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുമെന്ന് എയര്‍ലൈന്‍റെ വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു. ഈ ഭാരപരിധിയില്‍പ്പെടുന്ന രണ്ട് ബാഗുകള്‍ കൊണ്ടുപോകാം.

ഹാന്‍ഡിലുകള്‍, പോക്കറ്റുകള്‍, ചക്രങ്ങള്‍ എന്നിവയടക്കം 55സെ.മി x 40സെ.മി  x 20സെ.മി  എന്നതാണ് കാരി-ഓൺ ബാഗിന്‍റെ പരമാവധി വലിപ്പം. വ്യക്തിഗത സാധനങ്ങളടങ്ങുന്ന രണ്ടാമത്തെ ബാഗിന്‍റെ വലിപ്പം  25സെ.മി x 33സെ.മി x 20സെ.മി ആകണം. യാത്രക്കാരുടെ സീറ്റിന് മുമ്പിൽ വെക്കാവുന്ന രീതിയിലുള്ള ബാഗ് ആകണം. അതേസമയം കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്‍ക്ക് 3 കിലോ അധികമായി കൊണ്ടുപോകാമെന്നും എയര്‍ലൈന്‍ വ്യക്തമാക്കി. യുഎഇയിലെ മറ്റ് വിമാനന കമ്പനികളായ എമിറേറ്റ്സ്, ഫ്ലൈ ദുബൈ, ഇത്തിഹാദ് എന്നിവയില്‍ ഹാന്‍ഡ് ബാഗേജ് പരിധി 7 കിലോയാണ്.

Most Popular

error: