വീടിനടുത്തുള്ള അപകടം അറിഞ്ഞു, പക്ഷെ ഇരയായത് സ്വന്തം മകളാണെന്ന് അറിഞ്ഞത് ഏറെ വൈകി| ജീവനെടുത്തത് അലക്ഷ്യമായി വലിച്ചെറിഞ്ഞ കേബിൾ, നോവായി കൃഷ്ണേന്ദു മറഞ്ഞു

0
3153

മടവൂർ: നിഷ്കളങ്കമായ ആ പുഞ്ചിരി എക്കാലത്തെയും നോവായി അവശേഷിപ്പിച്ച് കൃഷ്ണേന്ദു മറഞ്ഞു. സഹപാഠികൾ ഉൾപ്പെടെ നൂറുകണക്കിന് പേർ കണ്ണീരിനാൽ നൽകിയ അന്ത്യാഞ്ജലിക്കൊടുവിൽ കൃഷ്ണേന്ദുവിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ചിതയ്ക്ക് തീ കൊളുത്തുമ്പോൾ സഹോദരൻ കൃഷ്ണനുണ്ണിയും വിതുമ്പി. അലക്ഷ്യമായി വലിച്ചെറിഞ്ഞിരുന്ന കേബിൾ വയറിൽ തട്ടിവീണ കൃഷ്ണേന്ദു, സ്കൂളിൽനിന്ന് വന്നിറങ്ങിയ അതേ ബസിന് അടിയിൽപെട്ടാണ് മരിച്ചത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മടവൂർ എംഎസ് ഭവനിൽ മണികണ്ഠന്റെയും ശരണ്യയുടെയും മകളാണ്.വെള്ളിയാഴ്ച വൈകിട്ട് 4.15 നാണ് നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം നടന്നത്. ഉടൻ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. ഇന്നലെ രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കൃഷ്ണേന്ദു പഠിച്ചിരുന്ന മടവൂർ ഗവ. എൽപി സ്കൂളിൽ എത്തിച്ചു.

അവധി ദിവസമായിട്ടും നൂറുകണക്കിനു പേർ ഇവിടെ അന്ത്യാഞ്ജലി അർപ്പിച്ചു. മുക്കാൽ മണിക്കൂറിന് ശേഷം വീട്ടിലെത്തിച്ചപ്പോഴും കൃഷ്ണേന്ദുവിനെ അവസാനമായി ഒരുനോക്കുകാണാൻ ഒട്ടേറെപ്പേർ എത്തി. അന്ത്യ കർമങ്ങൾ പൂർത്തിയാക്കി ഉച്ചയ്ക്ക് ഒന്നരയോടെ മൃതദേഹം സംസ്കരിച്ചു. കൃഷ്ണേന്ദു ഓടി കളിച്ചിരുന്ന വീട്ടുവളപ്പിലാണ് ചിതയൊരുക്കിയത്.

മകളുടെ അപ്രതീക്ഷിത വിയോഗം താങ്ങാനാകാതെ തളർന്ന അവസ്ഥയിലായിരുന്നു മണികണ്ഠനും ശരണ്യയും സഹോദരൻ കൃഷ്ണനുണ്ണിയും. അലമുറയിടാൻ പോലും കെൽപ്പില്ലാതെ തളർന്ന അവരെ സാന്ത്വനിപ്പിക്കാൻ ബന്ധുക്കളും നാട്ടുകാരും പാടുപെട്ടു.വി.ജോയി എംഎൽഎ, മുൻ എംഎൽഎ വർക്കല കഹാർ, ബിജെപി നേതാവ് വി.മുരളീധരൻ എന്നിവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.

ജീവനെടുത്തത് അലക്ഷ്യമായി വലിച്ചെറിഞ്ഞ കേബിൾ

മടവൂരിൽ കൃഷ്ണേന്ദുവിന്റെ ജീവനെടുത്തത് കേബിൾ വയർ റോഡരികിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞ അനാസ്ഥ. ബസിറങ്ങി വീട്ടിലേക്ക് പോകാൻ മുന്നോട്ടു നടക്കുന്നതിനിടെയാണ് കൃഷ്ണേന്ദുവിന്റെ കാലിൽ കേബിൾ കുരുങ്ങിയത്. ബാഗുമായി ബസിനിടയിലേക്ക് കൃഷ്ണേന്ദു വീണു. കുട്ടി വീണത് അറിയാതെയാണ് ഡ്രൈവർ ബസ് മുന്നോട്ടെടുത്തത്. ഡ്രൈവറെ അറസ്റ്റ് ചെയ്തെങ്കിലും ഒരു കുരുന്നിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണക്കാരായ കേബിൾ ഓപ്പറേററ്റർമാ‍ർക്കെതിരെ പൊലീസ് നടപടി എടുക്കാത്തതിൽ നാട്ടുകാർ അമർഷത്തിലാണ്. മടവൂർ മഹാദേവ ക്ഷേത്രം പുളിമൂട് റോഡിലാണ് കൃഷ്ണേന്ദുവിന്റെ വീടും കുടുംബവീടും. സ്കൂൾ വിട്ടു വരുന്ന കൃഷ്ണേന്ദു കുടുംബവീട്ടിലേക്കാണ് ആദ്യം പോകുന്നത്.

തൊട്ടുപിന്നാലെ വന്ന ഓട്ടോറിക്ഷയിലെ ഡ്രൈവർ നിലവിളിച്ച് കൃഷ്ണേന്ദു ബസിന് അടിയിൽപെട്ട വിവരം അറിയിക്കാൻ ശ്രമിച്ചെങ്കിലും ബസ് ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടില്ല. ഓട്ടോറിക്ഷയിൽനിന്ന് ചാടിയിറങ്ങി, ബസിൽ ആഞ്ഞടിച്ച് ഡ്രൈവറെ വിവരം ധരിപ്പിച്ചപ്പോഴേക്ക് അപകടം നടന്നു കഴിഞ്ഞിരുന്നു. കെഎസ്ആർടിസിയിൽ എംപാനൽ ഡ്രൈവറായ അച്ഛൻ മണികണ്ഠനും സൂപ്പർ മാർക്കറ്റിൽ ജീവനക്കാരിയായ അമ്മ ശരണ്യയും വീട്ടിൽ കാണാത്തതു കൊണ്ടാണ് കൃഷ്ണേന്ദുവിന് സ്കൂൾ ബസ് ഏർപ്പാടാക്കിയിരുന്നത്.അപകടം നടക്കുമ്പോൾ മണികണ്ഠൻ ചിറയിൻകീഴ് ആയിരുന്നു. വീടിനടുത്ത് അപകടം നടന്ന വിവരം സുഹൃത്ത് മണികണ്ഠനെ അറിയിച്ചെങ്കിലും ഇരയായത് സ്വന്തം മകളാണെന്ന് വൈകിയാണ് മണികണ്ഠൻ അറിഞ്ഞത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക