Tuesday, 21 January - 2025

നാട്ടുകാരുടെ മനസമാധാനം കെടുത്തി പുള്ളിപുലി, പുലിയെ വാലില്‍ തൂക്കിയെടുത്ത് യുവാവ്

നാടിറങ്ങുന്ന മൃഗങ്ങള്‍ മനുഷ്യജീവനെടുക്കുന്നതും പതിവാണ്. കഴിഞ്ഞ ദിവസം കണ്ണൂരില്‍  പന്നിക്ക് വെച്ച കെണിയിലാണ് പുലി കുടുങ്ങിയത്. എന്നാല്‍  കര്‍ണാടകയിലെ തുംകുരു ജില്ലയില്‍ നിന്നും ഇപ്പോള്‍ വരുന്നത് ആരെയും ആശ്ചര്യപ്പെടുത്തുന്നൊരു വാര്‍ത്തയാണ്.

അഞ്ചുദിവസമായി നാട്ടുകാരുടെ മനസമാധാനം കെടുത്തിയ പുള്ളിപുലിയെ പിടികൂടിയ യോഗാനന്ദാണ് ഇപ്പോള്‍ ആ നാട്ടിലെ താരം. ആക്രമിക്കാനൊരുങ്ങിയ പുലിയുടെ വാലില്‍ പിടിച്ചായിരുന്നു യോഗാനന്ദിന്‍റെ സാഹസിക രക്ഷാപ്രവര്‍ത്തനം. 

ബംഗളൂരുവില്‍ നിന്നും 70 കിലോ മീറ്റര്‍ അകലെ തുമകുരു ജില്ലയിലെ തിപൂരിലാണ് സംഭവം. ഗ്രാമത്തിലെ  വയലിലാണ് നാട്ടുകാരില്‍ ചിലര്‍  പുലിയെകണ്ടത്. വനംവകുപ്പിന്‍റെ പതിനഞ്ച് അംഗ ടീം ഗ്രാമത്തിലെത്തി കൂട് സ്ഥാപിക്കുകയും പുലിക്കായി തിരച്ചില്‍ തുടങ്ങുകയും ചെയ്തു. തിരച്ചിലിനായി ഒപ്പം കൂടിയ നാട്ടുകാര്‍ക്കൊപ്പം യോഗാനന്ദും ചേര്‍ന്നു. വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും പുലിയുടെ കാല്‍പാടുമാത്രമാണ് കണ്ടെത്താനയത്.

തിരച്ചില്‍ അഞ്ചുദിവസം നീണ്ടെങ്കിലും പുലി കാണാമറയത്ത് തുടര്‍ന്നു.  ഒടുവിലാണ് കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന പുലി  പുറത്തുവന്നത്.  തിരച്ചില്‍ സംഘത്തെ കബളിപ്പിച്ച്  പുറത്തു ചാടിയ പുലി  രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ വനംവകുപ്പുകാര്‍ വലവീശിയെങ്കിലും പുലി കുടുങ്ങിയില്ല. വിരണ്ടോടിയ പുലിയെ കണ്ട നട്ടുകാരും ചിതറിയോടി.

പരിഭ്രാന്തനായ പുലി കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ പാഞ്ഞതോടെയാണ് യോഗാനന്ദ്  രക്ഷകനായത്. വാലില്‍ പിടിമുറുക്കിയ യോഗാനന്ദ് പുലിയെ ഇടംവലം തിരിയാന്‍ സമ്മതിച്ചില്ല. ഒടുവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കൂടി സഹായത്തോടെ പുലിയെ വലയിലാക്കി.

കുട്ടികളുടെയും സ്ത്രീകളുടെയും ജീവന്‍ അപകടത്തിലാണെന്ന് കണ്ടാണ് ഇടപെട്ടതെന്ന് യോഗാനന്ദ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പുലിയുടെ ആക്രമണത്തില്‍ ആര്‍ക്കെങ്കിലും അപകടം പറ്റുമായിരുന്നു. നാട്ടുകാര്‍ കല്ലും വടിയും കൊണ്ട് തിരിച്ച് ആക്രമിച്ചാല്‍ അതിനും പരിക്കേല്‍ക്കും. ആരോഗ്യ പ്രശ്നമുള്ളതിനാല്‍ പതിയെയാണ് പുലി  നടന്നിരുന്നത്. അതിനാലാണ് വാലില്‍ പിടിച്ച് പിന്നോട്ട് വലിച്ചതെന്നും യോഗാനന്ദ് പറയുന്നു.  നാല് വയസ് പ്രായമുള്ള ആണ്‍ പുലിയെയാണ് പിടികൂടിയത്.

Most Popular

error: